പ്രളയ ബാധിതര്‍ക്ക് ആശ്വാസം; കര്‍ഷക വായ്പ മൊറട്ടോറിയം ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി

പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം നീട്ടി നല്‍കാന്‍ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം നീട്ടി നല്‍കാന്‍ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. ഒരുവര്‍ഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം. ഇതോടെ 1038 വില്ലേജിലുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ബാങ്കേഴ്‌സ് സമിതിയുടെ സംസ്ഥാനതല യോഗത്തിലാണ് തീരുമാനം. 

കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനം റിസര്‍വ് ബാങ്കിനെ അറിയിക്കും. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇത് നടപ്പാക്കാന്‍ സാധിക്കുള്ളു. കൃഷി ഉപജീവനമാക്കിയവരുടെ മറ്റു വായ്പകള്‍ക്കും ആനുകൂല്യം ലഭിക്കും. 

മൊറട്ടോറിയത്തിന്റെ കാലാവധി കഴിഞ്ഞ ആഗസ്റ്റില്‍ അവസാനിച്ചിരുന്നു. ജപ്തി നടപടികളുമായി ബാങ്കുകള്‍ മുന്നോട്ടുപോകുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. ഡിസംബര്‍ 31വരെ മൊറട്ടോറിയം നീട്ടണം എന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. കൃഷി വായ്പയ്ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പയ്ക്കും ഒരു വര്‍ഷം മുതല്‍ 18 മാസം വരെയാണു മൊറട്ടോറിയം നീട്ടാന്‍ സാധിക്കുക. ഭവന വായ്പയ്ക്ക് ഒരു വര്‍ഷവും വിദ്യാഭ്യാസ വായ്പയ്ക്ക് 6 മാസവും മൊറട്ടോറിയം ആകാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com