രാജാവല്ല നാടു ഭരിക്കുന്നത്, ഇവിടെ തിരുവായും എതിര്‍വായുമില്ല:  അടൂര്‍

പെട്ടെന്നാണ് ചിലര്‍ക്കു ദേശസ്‌നേഹം ഉണരുക, അതിന് ഏറ്റവും എളുപ്പമുള്ള വഴി യുദ്ധമാണ്
ചിത്രം വിന്‍സെന്റ് പുളിക്കല്‍/എക്‌സ്പ്രസ്‌
ചിത്രം വിന്‍സെന്റ് പുളിക്കല്‍/എക്‌സ്പ്രസ്‌

കൊച്ചി: തിരുവായ്ക്ക് എതിര്‍വായില്ല എന്നു പറയുന്നത് രാജാവു ഭരിക്കുന്നിടത്തെ രീതിയാണെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നമ്മള്‍ തന്നെ തെരഞ്ഞെടുത്ത ആള്‍ ഭരണം നടത്തുമ്പോള്‍ തിരുവായും എതിര്‍വായുമില്ല. വിമര്‍ശനങ്ങളെ നേരായ അര്‍ഥത്തില്‍ കാണാതെ അടിച്ചമര്‍ത്തുന്നതു തെറ്റായ നടപടിയാണെന്ന് അടൂര്‍ പറഞ്ഞു. സമകാലിക മലയാളം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച, മധുപാലുമായുള്ള ദീര്‍ഘസംഭാഷണത്തിലാണ് അടൂരിന്റെ വിമര്‍ശനം. 

''ഞങ്ങള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയാണ്. ഇങ്ങനെ ചില കാര്യങ്ങള്‍ ഇവിടെ നടക്കുന്നുണ്ട് എന്ന് ഈ രാജ്യത്തിന്റെ ചീഫ് എക്‌സിക്യുട്ടീവിനോട് പറയുകയാണ്. ഇങ്ങനെ നടക്കുന്ന മോശം കാര്യങ്ങള്‍ നേരിട്ട് അവസാനിപ്പിച്ച് രാജ്യത്ത് സമാധാനമുണ്ടാക്കണം എന്നു പറയുന്നത് വളരെ പോസിറ്റീവായ ഒരു പ്രവൃത്തിയാണ്. അതിനെ എന്തിനാണ് നെഗറ്റീവാക്കി എടുക്കുന്നത്. തിരുവായ്ക്ക് എതിര്‍വായില്ല എന്നു പണ്ട് പറയില്ലേ. രാജാവ് ഭരിക്കുന്ന രാജ്യത്ത് അങ്ങനെയൊരു രീതി ഉണ്ടായിരുന്നു. രാജാവ് പറയുന്നതിന് എതിരായി ആരും പറയില്ല, പറയരുത്. ഇന്നു രാജാവല്ല നമ്മളെ ഭരിക്കുന്നത്. സാധാരണ പൗരനാണ്. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമൊക്കെയായി മാറുന്നത് നമ്മളില്‍പ്പെട്ട ആളുകള്‍ തന്നെയാണ്. നമ്മള്‍ തെരഞ്ഞെടുത്ത ആള്‍ തന്നെയാണ്. അവിടെ തിരുവായും എതിര്‍വായുമില്ല. പറയുന്നത് എതിര്‍വായല്ല, ആവശ്യമുള്ള കാര്യങ്ങള്‍ തന്നെയാണ്. അതിനെ നേരെയുള്ള അര്‍ത്ഥത്തില്‍ കാണാതെ ആ ശബ്ദം അടിച്ചമര്‍ത്തുക എന്നത് തെറ്റായ നടപടിയാണ്ട- അടൂര്‍ പറയുന്നു.

''ജനാധിപത്യം എന്നത് എണ്ണത്തില്‍ കൂടുതല്‍ നേടിയവരുടേയും കുറച്ചു കിട്ടിയവരുടേയും കൂടിയാണ്. ഇവരെല്ലാം ചേര്‍ന്നതാണ്. ജനങ്ങളാണ് ഇവരെയെല്ലാം തെരഞ്ഞെടുത്തിരിക്കുന്നത്. എണ്ണത്തില്‍ മുന്നിലെത്തിയവരാണ് ഭരിക്കാന്‍ കയറുന്നത്. പക്ഷേ, മറ്റുള്ളവര്‍ക്ക് ഇതില്‍ റോളില്ല എന്ന് അര്‍ത്ഥമില്ല. അവരേയും കൂടി ചേര്‍ത്താണ് ഭരിക്കേണ്ടത്. പക്ഷേ, ഭരണത്തില്‍ മുന്‍കൈയെടുക്കാനുള്ള അവകാശം ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടിക്കുണ്ട്. ഭരണം നടക്കണം എന്നുള്ളതുകൊണ്ടാണ് അത്; എല്ലാവരുമായും എല്ലാക്കാര്യത്തിലും അഭിപ്രായ ഐക്യമുണ്ടാക്കാന്‍ കഴിയാത്തതുകൊണ്ട്. അതേസമയം പ്രതിപക്ഷത്തുള്ളവരുമായും സംസാരിച്ച് സമന്വയമുണ്ടാക്കി വേണം ഭരിക്കാന്‍. അതാണ് ഭരണഘടന പറയുന്നത്. അല്ലാതെ ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടിക്കു സ്വേച്ഛാധികാരത്തിലേക്കു പോകാം എന്നു നിര്‍ദ്ദേശിച്ചിട്ടില്ല. സ്വേച്ഛാധികാരമല്ല, ആ പാര്‍ട്ടിയുടെ മാത്രം അജന്‍ഡകളുമല്ല നടപ്പാക്കേണ്ടത്. എല്ലാവരും യോജിക്കുന്ന, ജനങ്ങള്‍ക്കെല്ലാം നന്മ വരുന്ന പരിപാടികള്‍ ഒത്തൊരുമിച്ചു നടപ്പാക്കുകയാണ് വേണ്ടത്. അതിനു മുന്‍കൈയെടുക്കേണ്ടത് ഭൂരിപക്ഷം കിട്ടുന്ന കക്ഷിയാണ്. അത്രേയുള്ളു വ്യത്യാസം.'' 

''ദേശസ്‌നേഹം എന്നൊക്കെ പറഞ്ഞ് ഓരോരുത്തര്‍ നിര്‍വ്വചിക്കാന്‍ തുടങ്ങുമ്പോഴാണ് പ്രശ്‌നം. ദേശസ്‌നേഹം എന്താണെന്നൊക്കെ എല്ലാവര്‍ക്കും അറിയാം. പെട്ടെന്നാണ് ചിലര്‍ക്കു ദേശസ്‌നേഹം ഉണരുക, അതിന് ഏറ്റവും എളുപ്പമുള്ള വഴി യുദ്ധമാണ്. അതു പറഞ്ഞ് ആളുകളെ ഐക്യപ്പെടുത്തും. ശക്തമായി നമ്മളവരെ നേരിടും എന്നു പറയുമ്പോള്‍ നമ്മള്‍ അദ്ദേഹത്തിനു പിന്നില്‍ അണിനിരക്കുകയല്ലേ വേണ്ടത് എന്ന ചോദ്യമുയരും. പാകിസ്ഥാന്‍ ചെയ്യുന്നതും അതുതന്നെയാണ്. സ്ഥിരമായി അസ്ഥിരത സൃഷ്ടിക്കാന്‍ തന്നെയാണ് ഇടയ്ക്കിടെയുള്ള ആക്രമണങ്ങളും മറ്റും നടത്തുന്നത്. അവിടെ സൈന്യത്തിനു മേല്‍ക്കൈ കിട്ടാന്‍ വേണ്ടിയാണ് ഇതൊക്കെ. സൈന്യമാണ് അവിടെ തീരുമാനിക്കുന്നത്, ആര് ഭരിക്കണം, ആരെ വാഴ്ത്തണം വീഴ്ത്തണം എന്നൊക്കെ. അവിടെ നല്ല ജനാധിപത്യമല്ല. പക്ഷേ, നമ്മുടെ രാജ്യത്ത് അതല്ല. ഇവിടെ ശരിയായ ജനാധിപത്യമാണ്. ആ ജനാധിപത്യത്തെ നമ്മള്‍ ഇങ്ങനെയാക്കുകയാണ്. അതു വളരെ അപകടകരമാണ്.''

ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ നേരത്തെ പലപ്പോഴും മൗനം പാലിച്ചു എന്നു കുറ്റപ്പെടുത്തുന്നവര്‍ തങ്ങള്‍ പറഞ്ഞതിനെ പരോക്ഷമായി അംഗീകരിക്കുകയാണെന്ന് അടൂര്‍ ചൂണ്ടിക്കാട്ടി. ''അത്രയും ബുദ്ധി അവര്‍ക്ക് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. കുറ്റം പറയുന്നതിനു പകരം ഇപ്പോള്‍ പറഞ്ഞ കാര്യത്തില്‍ വേണ്ട നടപടിയെടുക്കുകയാണ് വേണ്ടത്. പഴയ കാര്യങ്ങളേക്കുറിച്ച് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഭരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ചില കാര്യങ്ങളില്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോഴാണ് പറയേണ്ടിവരുന്നത്. ഭരിക്കുന്നവരുടെ ശ്രദ്ധയിലേക്കു കാര്യങ്ങള്‍ കൊണ്ടുവരികയാണ് ചെയ്തത്. അല്ലെങ്കില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഗവണ്‍മെന്റു തന്നെ ഒരു ഗവണ്‍മെന്റിതര ഏജന്‍സിയെ വെയ്ക്കട്ടെ. ഇത് നമ്മുടെയൊന്നും ജോലിയല്ല. നമുക്കു വേറെ ജോലികള്‍ പലതുമുണ്ട്. നമ്മുടെ ഉപജീവനം വേറെയാണ്. പക്ഷേ, നമുക്ക് അനീതിയാണെന്നു തോന്നുന്ന, ഒരു രീതിയിലും ന്യായീകരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ല. ആള്‍ക്കൂട്ടക്കൊലകള്‍ ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അതിലും നീചമാണ് ഇരയെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച് അതൊരു കൊലവിളിയാക്കുന്നത്. രാമനാമത്തെ കൊലവിളിയാക്കുന്നത് തെറ്റാണ്. ഞാനും വിശ്വാസിയാണ്. വിശ്വാസികളെ വളരെ വേദനപ്പെടുത്തുന്ന ഒരു കാര്യമാണിത്. ഇതാണ് പ്രധാനമന്ത്രിയോട് പറയുന്നത്. അതിലെന്താണ് തെറ്റ്? അദ്ദേഹത്തിന്റെ അധികാരത്തെ ആരെങ്കിലും ചോദ്യം ചെയ്യുന്നുണ്ടോ, ഇല്ലല്ലോ. പഴിക്കുന്നുണ്ടോ, ഇല്ല. അവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. ഈ രാജ്യത്ത് ഭരിക്കുന്ന കക്ഷിക്ക് അല്ലെങ്കില്‍ ഗവണ്‍മെന്റിന് ഇഷ്ടപ്പെടാത്ത പല കാര്യങ്ങളും പറയേണ്ടിവരും. അതു പറയുന്നവരെല്ലാം രാജ്യദ്രോഹികളല്ല. അവര്‍ രാജ്യസ്‌നേഹികളാണ്'' അടൂര്‍ പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണനും മധുപാലുമായുള്ള ദീര്‍ഘ സംഭാഷണം സമകാലിക മലയാളം ഓണപ്പതിപ്പില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com