ഹിന്ദു മണവാട്ടിയ്ക്ക് ക്രിസ്റ്റ്യന്‍ പേര്; വിവാഹം രജിസ്റ്റര്‍ ചെയ്യില്ലെന്ന് ഉദ്യോഗസ്ഥന്‍; വെട്ടിലായി നവദമ്പതികള്‍

കഴിഞ്ഞ 24ന് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതരായ ദീപക് രാജ്- ക്രിസ്റ്റീന ദമ്പതിമാരുടെ രജിസ്‌ട്രേഷനാണ് മുടങ്ങിയത്
ഹിന്ദു മണവാട്ടിയ്ക്ക് ക്രിസ്റ്റ്യന്‍ പേര്; വിവാഹം രജിസ്റ്റര്‍ ചെയ്യില്ലെന്ന് ഉദ്യോഗസ്ഥന്‍; വെട്ടിലായി നവദമ്പതികള്‍

ഗുരുവായൂര്‍; വധുവിന് ക്രിസ്റ്റ്യന്‍ പേരാണെന്ന് ആരോപിച്ച് വിവാഹ രജിസ്‌ട്രേഷന്‍ തടഞ്ഞ് ഉദ്യോഗസ്ഥന്‍. ഗുരുവായൂരിലാണ് സംഭവമുണ്ടായത്. കല്യാണപ്പെണ്ണിന്റെ പേരില്‍ ഉദ്യോഗസ്ഥന് തോന്നിയ ആശയക്കുഴപ്പമാണ് നവദമ്പതികളെ വെട്ടിലാക്കിയത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖങ്ങള്‍ കാണിച്ചെങ്കിലും ഉദ്യോഗസ്ഥന്‍ വഴങ്ങാന്‍ തയാറായില്ല. 

കഴിഞ്ഞ 24ന് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതരായ ദീപക് രാജ്- ക്രിസ്റ്റീന ദമ്പതിമാരുടെ രജിസ്‌ട്രേഷനാണ് മുടങ്ങിയത്. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ. ജയചന്ദ്രന്റെയും കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകത്തിന്റെയും മകളാണ് ക്രിസ്റ്റീന. ചടങ്ങുകള്‍ക്ക് ശേഷം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോയപ്പോഴാണ് ഉടക്കുമായി ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയത്. 

ക്രിസ്റ്റീന എമ്പ്രെസ്സ് എന്നാണ് വധുവിന്റെ പേര്. അച്ഛനും അമ്മയും ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പടെ രജിസ്‌ട്രേഷനുവേണ്ട എല്ലാ രേഖകളും ഇവര്‍ ഹാജരാക്കിയിരുന്നെങ്കിലും ഉദ്യോഗസ്ഥന്‍ സമ്മതിച്ചില്ല. വധുവിന് ക്രിസ്റ്റിയന്‍ പേരാണെന്നും ഹിന്ദുവിവാഹനിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ വാദം.

ഗുരുവായൂരിലെ സാംസ്‌കാരികപ്രവര്‍ത്തകന്‍ വേണു എടക്കഴിയൂരായിരുന്നു സാക്ഷിയായി ഹാജരായത്. മാത്രമല്ല, നഗരസഭയിലെ ഭരണകക്ഷിയംഗം അഭിലാഷ് വി. ചന്ദ്രന്റെ ഡിക്ലറേഷന്‍ കത്തുമുണ്ടായിരുന്നു ക്രിസ്റ്റീന ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖ കൊണ്ടുവന്നാല്‍ പരിഗണിക്കാമെന്നും പറഞ്ഞ് ഉദ്യോഗസ്ഥന്‍ അപേക്ഷ തിരിച്ചുനല്‍കുകയായിരുന്നുവെന്ന് വേണു എടക്കഴിയൂര്‍ പറഞ്ഞു.

വിവാഹരജിസ്‌ട്രേഷന്‍ അപേക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടായാല്‍ മാറ്റിവെയ്ക്കാനുള്ള വിവേചനാധികാരമുണ്ടെന്നാണ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. ഇന്നു ചേരുന്ന ഗുരുവായൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com