കൊലയ്ക്ക് മുമ്പോ ശേഷമോ വിരലടയാളം എടുത്തു? ;  ഷുക്കൂറിന്റെ ഇടതു ചൂണ്ടുവിരല്‍ മുറിച്ചെടുത്തതില്‍ ദുരൂഹത ; ആധാര്‍ അടക്കം മുഴുവന്‍ രേഖകളും കടത്തി

ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയവര്‍ ആധാര്‍ കാര്‍ഡ്, ബിസിനസ് രേഖകള്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് എന്നിവയും കൊണ്ടുപോയി
കൊലയ്ക്ക് മുമ്പോ ശേഷമോ വിരലടയാളം എടുത്തു? ;  ഷുക്കൂറിന്റെ ഇടതു ചൂണ്ടുവിരല്‍ മുറിച്ചെടുത്തതില്‍ ദുരൂഹത ; ആധാര്‍ അടക്കം മുഴുവന്‍ രേഖകളും കടത്തി

മലപ്പുറം : ബിറ്റ്‌കോയിന്‍ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പില്‍ ഡെറാഡൂണില്‍ കൊല്ലപ്പെട്ട പെരിന്തല്‍മണ്ണ പുലാമന്തോള്‍ സ്വദേശി അബ്ദുള്‍ ഷുക്കൂറിന്റെ ഇടതു ചൂണ്ടുവിരല്‍ മുറിച്ചെടുത്തതില്‍ ദുരൂഹത. കൊലപാതകത്തിന് മുമ്പോ ശേഷമോ പ്രതികള്‍ ഷുക്കൂറിന്റെ വിരലടയാളം എടുത്തിട്ടുണ്ടാവാമെന്ന് മാതാവ് എംപി സക്കീന ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 485 കോടിയുടെ ബിറ്റ്‌കോയിന്‍ സാമ്പത്തിക തര്‍ക്കത്തിലാണ് പുലാമന്തോള്‍ സ്വദേശി ഷുക്കൂര്‍ കൊല്ലപ്പെടുന്നത്.  

ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയവര്‍ ആധാര്‍ കാര്‍ഡ്, ബിസിനസ് രേഖകള്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് എന്നിവയും കൊണ്ടുപോയിരുന്നതായി കുടുംബം വ്യക്തമാക്കി. വീട്ടിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് എടുത്തുമാറ്റി. ബ്ലാങ്ക് ചെക്കുകളിലും സ്റ്റാമ്പ് പേപ്പറുകളിലും നിര്‍ബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്തിട്ടുണ്ടെന്നും മാതാവ് സക്കീന പറയുന്നു. 

ഷുക്കൂര്‍ മുഖേന തീര്‍ക്കേണ്ട ചില ഇടപാടുകളുണ്ടെന്നും കൂടെപ്പോയില്ലെങ്കില്‍ എല്ലാ ബാദ്ധ്യതകളും ഷുക്കൂര്‍ ഏല്‍ക്കേണ്ടി വരുമെന്നും തട്ടിക്കൊണ്ടുപോയവര്‍ പറഞ്ഞു. പരാതി കൊടുത്താല്‍ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിനാലാണ് കേസ് കൊടുക്കാതിരുന്നത്. ഒരുവര്‍ഷത്തോളമായി പലരുടേയും ഭീഷണിയുണ്ടായിരുന്നു. പലപ്പോഴും അനുവാദം കൂടാതെ പലരും വീട്ടില്‍ വന്നു താമസിക്കുകയും പണമിടപാട് സംബന്ധിച്ച് പ്രശ്‌നങ്ങളുന്നയിക്കുകയും ചെയ്തു.

ഷുക്കൂറിനെ കൊണ്ടുപോയവര്‍ മലയാളികളായതിനാല്‍ സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് കേരള പൊലീസ് അന്വേഷിക്കണമെന്നും കുടുംബവും നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കൗണ്‍സിലും ആവശ്യപ്പെട്ടിട്ടുണ്ട്. ഡെറാഡൂണില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളുടെ സൂചന ലഭിച്ചത്. എന്നാല്‍ വീട്ടില്‍നിന്ന് ഇറക്കി കൊണ്ടുപോയവരെ ഉള്‍പ്പടെ സംഭവത്തില്‍ പിടികൂടാനുണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ഡെറാഡൂണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ ഒളിവിലാണ്.

അതേസമയം ബിറ്റ്‌കോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ഷൂക്കൂറിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത് സംബന്ധിച്ചാണ് കുടുംബം പരാതി നല്‍കിയത്. 485 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് പ്രചാരണമുണ്ടെങ്കിലും ഇതേക്കുറിച്ച് ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com