ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വരുംവഴി പിഞ്ചുകുഞ്ഞുമായി തോട്ടില്‍ വീണ് അമ്മ മരിച്ചു ; ഒഴുകിപ്പോയ കുഞ്ഞിനെ രക്ഷിച്ചു

കമഴ്ന്ന് കിടക്കുന്ന നിലയില്‍ തോട്ടിലൂടെ കുഞ്ഞ് ഒഴുകിവരുന്നത് കണ്ട സമീപവാസികളായ യുവാക്കളാണ് രക്ഷപ്പെടുത്തിയത്
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വരുംവഴി പിഞ്ചുകുഞ്ഞുമായി തോട്ടില്‍ വീണ് അമ്മ മരിച്ചു ; ഒഴുകിപ്പോയ കുഞ്ഞിനെ രക്ഷിച്ചു

ആലപ്പുഴ : പിഞ്ചു കുഞ്ഞുമായി വീട്ടിലേക്ക് വരുന്നതിനിടെ കാല്‍വഴുതി തോട്ടില്‍ വീണ് അമ്മ മരിച്ചു. തോട്ടിലൂടെ ഒഴുകി നീങ്ങിയ ഒന്നേമുക്കാല്‍ വയസുള്ള ആണ്‍കുഞ്ഞിനെ യുവാക്കള്‍ രക്ഷപ്പെടുത്തി. കൈനകരി ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ് മൂലശേരി വീട്ടില്‍ ലിനോജിന്റെ ഭാര്യ നീതു ജോര്‍ജ് (26) ആണ് മരിച്ചത്. മകന്‍ ആന്‍ റോച്ചന്‍ ആയുസിന്റെ ബലത്തില്‍ രക്ഷപ്പെടുകയായിരുന്നു.

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയശേഷം അയല്‍വീട്ടിലെ റേഷന്‍കാര്‍ഡ് തിരികെ ഏല്‍പ്പിച്ച് വീട്ടിലേക്ക് വരികയായിരുന്നു നീതു. 
ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. മീനപ്പള്ളി വട്ടക്കായലിന് സമീപമുള്ള പാടശേഖരത്തിന്റെ പുറംബണ്ടിലാണ് നീതുവും കുടുംബവും താമസിക്കുന്നത്. 

കമഴ്ന്ന് കിടക്കുന്ന നിലയില്‍ തോട്ടിലൂടെ കുഞ്ഞ് ഒഴുകിവരുന്നത് കണ്ട സമീപവാസികളായ ജോയര്‍, മാര്‍ട്ടിന്‍ എന്നീ യുവാക്കളാണ് ചാടിയിറങ്ങി രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നീതുവിനെ വെള്ളത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭര്‍ത്താവായ ലിനോജ് ജെ സി ബി ടെക്‌നീഷ്യനാണ്. നീതു ആലപ്പുഴ പുന്നമട സ്വദേശിനിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com