നവോത്ഥാനത്തിനു മുന്‍കൈയെടുത്തത് സവര്‍ണര്‍, അവരെ മറന്ന് നവോത്ഥാനത്തെപ്പറ്റി സംസാരിക്കരുത്; അടൂര്‍ പറയുന്നു

അയ്യന്‍കാളിക്കുപോലും ശ്രീമൂലം പ്രജാസഭയില്‍ അംഗമാകാന്‍ കരം അടച്ച് അര്‍ഹത നേടുന്നതിന് ആവശ്യമായ ഭൂമി കൊടുത്തത് നെയ്യാറ്റിന്‍കരയിലെ ഒരു നായര്‍ പ്രമാണിയാണ്
നവോത്ഥാനത്തിനു മുന്‍കൈയെടുത്തത് സവര്‍ണര്‍, അവരെ മറന്ന് നവോത്ഥാനത്തെപ്പറ്റി സംസാരിക്കരുത്; അടൂര്‍ പറയുന്നു

കൊച്ചി: നവോത്ഥാനം ഏതെങ്കിലും വിഭാഗത്തിന്റേതു മാത്രമല്ലെന്നും അതില്‍ പ്രധാന പങ്കുവഹിച്ചതും മുന്‍കൈയെടുത്തതും സവര്‍ണരാണെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സവര്‍ണരെ മറന്നിട്ട് നവോത്ഥാനത്തെപ്പറ്റി സംസാരിക്കാന്‍ പാടില്ലെന്ന് അടൂര്‍ പറഞ്ഞു. സമകാലിക മലയാളം ഓണപ്പതിപ്പില്‍ മധുപാലുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തിലാണ് അടൂരിന്റെ പരാമര്‍ശം.

''അവര്‍ണരെന്നു പറയുന്ന വിഭാഗത്തെ മാറ്റിനിര്‍ത്താന്‍ പാടില്ല എന്നു പറഞ്ഞ് അവരേയും മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ സമരം നടത്തിയത് സവര്‍ണരെന്നു പറഞ്ഞ് അധിക്ഷേപിക്കുന്ന ആളുകളാണ്. അവരെ മറന്നിട്ട് നവോത്ഥാനത്തെപ്പറ്റി സംസാരിക്കാന്‍ പാടില്ല. നായന്മാരുടെ പുരോഗതിക്കു വേണ്ടിയാണ് എന്‍.എസ്.എസ്സും മന്നത്ത് പത്മനാഭനുമൊക്കെ പ്രവര്‍ത്തിച്ചത് എന്നാണ് നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍, അതു മാത്രമല്ല, ജനങ്ങളെ സംബന്ധിക്കുന്ന എല്ലാ പ്രധാന കാര്യങ്ങളിലും വളരെ പുരോഗമനപരമായ നിലപാടെടുത്തിട്ടുള്ളവരാണ് കെ. കേളപ്പനും മന്നത്തു പത്മനാഭനും ഉള്‍പ്പെടെ ഒരുപാടൊരുപാട് ആളുകള്‍. ഗാന്ധിജി അതിനു നേതൃത്വം കൊടുത്തതുകൊണ്ടാണ് വൈക്കം സത്യഗ്രഹംപോലും ഹിംസയിലേക്കു പോകാതിരുന്നത്'' -അടൂര്‍ പറയുന്നു.

''അധികമാരും പറയാത്ത ഒരു കാര്യമുണ്ട്. റാണി ലക്ഷ്മീബായിയും ഗാന്ധിജിയും തമ്മിലുള്ള കൂടിക്കാഴ്ച. അവര്‍ അന്ന് ആറ്റിങ്ങലിരുന്നാണ് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്. ഗാന്ധിജി കാണാന്‍ പോയി. കണ്ടപ്പോള്‍ത്തന്നെ അദ്ദേഹത്തിന് അദ്ഭുതവും മതിപ്പും തോന്നി. കാരണം സാധാരണ സ്ത്രീയുടെ വേഷമേയുള്ളു അവര്‍ക്ക്. വേഷഭൂഷാദികളും ആഭരണങ്ങളുമൊന്നുമില്ല. ക്ഷേത്രപ്രവേശനത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ അവര്‍ പറയുകയാണ്: ''അങ്ങ് പറയുന്നതൊക്കെ ഞങ്ങള്‍ക്കു മനസ്സിലാകുന്നുണ്ട്. ഞങ്ങളതു ചെയ്യാന്‍ തയ്യാറുമാണ്. പക്ഷേ, അങ്ങ് ഒരു കാര്യം ചെയ്താല്‍ നന്നായിരുന്നു. ഇങ്ങനെയൊരു പ്രധാനപ്പെട്ട ആവശ്യമുണ്ടെന്ന് ഒരു രീതിയിലുള്ള അഹിംസയുമില്ലാതെ തന്നെ ആളുകളെ ബോധ്യപ്പെടുത്തണം. എങ്കില്‍ ഞങ്ങള്‍ക്ക് എളുപ്പമുണ്ട്. പിന്നീട് സംസാരം കഴിഞ്ഞ് ഇറങ്ങുമ്പോള്‍, ''മഹാത്മജീ ഒരു കാര്യം കൂടി പറയാനുണ്ട്. ഞങ്ങളുടെയൊരു മഹാത്മാവുണ്ട്, അദ്ദേഹത്തെക്കൂടി കണ്ടിട്ടു പോകണം'' എന്നും പറഞ്ഞു. നാരായണ ഗുരുവിന്റെ കാര്യമാണ് അവര്‍ ഓര്‍മ്മിപ്പിച്ചത്. റാണിയാണ് പറയുന്നത്. ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും ഇതു നടക്കുമോ. വളരെ അഭിമാനകരമാണ് അവരുടെയൊക്കെ നിലപാടുകള്‍'''

ഒരാചാരം ഉണ്ടായതുകൊണ്ടാണ് അതു തുടര്‍ന്നുപോയത്. അത് മാറ്റാന്‍ അവര്‍ തയ്യാറാണ്. പക്ഷേ, പൊതു അഭിപ്രായം രൂപീകരിക്കണം എന്നാണ് അഭ്യര്‍ഥിച്ചത്. അങ്ങനെ പബ്ലിക് ഒപ്പീനിയന്‍ ഉണ്ടാവുകയും ചെയ്തു. നൂറു പേരുമായി വൈക്കത്തുനിന്ന് ആരംഭിച്ച ജാഥ തലസ്ഥാനത്ത് എത്തുമ്പോഴേയ്ക്കും എല്ലാ ജാതി മതസ്ഥരും ചേര്‍ന്ന ആയിരക്കണക്കിനുള്ള ഒരു നിവേദന സംഘമായി. അതു നയിച്ചത് മന്നത്ത് പത്മനാഭനും കേളപ്പനുമൊക്കെ ആയിരുന്നു. 

അയ്യന്‍കാളിക്കുപോലും ശ്രീമൂലം പ്രജാസഭയില്‍ അംഗമാകാന്‍ കരം അടച്ച് അര്‍ഹത നേടുന്നതിന് ആവശ്യമായ ഭൂമി കൊടുത്തത് നെയ്യാറ്റിന്‍കരയിലെ ഒരു നായര്‍ പ്രമാണിയാണ്. കരം അടയ്ക്കുന്നവര്‍ക്കു മാത്രമേ അന്ന് ശ്രീമൂലം പ്രജാസഭയില്‍ അംഗമാകാന്‍ സാധിക്കുമായിരുന്നുള്ളു. ഇതൊന്നും മറക്കാന്‍ പാടില്ല-അടൂര്‍ പറഞ്ഞു.

ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തല്‍ വന്‍തോതില്‍ ഇവിടെ ഉണ്ടായിട്ടുണ്ടെന്ന മധുപാലിന്റെ അഭിപ്രായത്തോട് അടൂര്‍ യോജിച്ചു. ''പക്ഷേ, കേരളം ഭ്രാന്താലയമാണ് എന്ന് സ്വാമി വിവേകാനന്ദന്‍ പറയാന്‍ ഇടയായ സാഹചര്യം അദ്ദേഹത്തിനുണ്ടായ വ്യക്തിപരമായ അനുഭവമാണ്. അദ്ദേഹം കൊടുങ്ങല്ലൂരില്‍ വന്നപ്പോള്‍ ക്ഷേത്രത്തില്‍ കയറാന്‍ അനുവദിച്ചില്ല. ക്ഷേത്രത്തിനു മുന്നിലെ ആല്‍മരച്ചുവട്ടില്‍ ഒരു രാത്രിയും പകലും കിടന്നു. അങ്ങനെയൊരു അനുഭവം ഉണ്ടായതുകൊണ്ടാണ് താങ്ങാന്‍ പാടില്ലാത്തവിധം ജാതിവ്യവസ്ഥകൊണ്ട് കേരളമൊരു ഭ്രാന്താലയമാണ് എന്ന് അദ്ദേഹം പറഞ്ഞത്. പക്ഷേ, പിന്നീട് കേരളത്തിലുണ്ടായ സാമൂഹിക മാറ്റം വളരെ വേഗത്തിലായിരുന്നു. അതില്‍ നാരായണഗുരുവുണ്ട്, ചട്ടമ്പിസ്വാമിയുണ്ട്, അയ്യന്‍കാളിയുണ്ട്, ചാവറയച്ചനുണ്ട് അങ്ങനെ ഒരുപാടു പേരുണ്ട്. ഈയൊരു കാലഘട്ടത്തില്‍ പല സംഗതികളും ഒരുമിച്ചു നടന്നു. കൂട്ടുകുടുംബങ്ങളും ഫ്യൂഡല്‍ വ്യവസ്ഥയും മാറുന്നത്, നമ്പൂതിരി സമുദായത്തിലെ വിധവാ വിവാഹം, സ്ത്രീവിദ്യാഭ്യാസം അങ്ങനെ പലതും. കേരളം മുഴുവന്‍ പരിവര്‍ത്തനമുണ്ടായ കാലഘട്ടമാണ് അത്. വാര്‍ത്താവിനിമയ സംവിധാനങ്ങളും ഗതാഗതവുമൊക്കെ ഇല്ലാതിരിക്കുകയോ വളരെക്കുറച്ചുമാത്രമുണ്ടായിരിക്കുകയോ ചെയ്തിരുന്നപ്പോഴാണ് ഇത്''- അടൂര്‍ പറയുന്നു.

അടൂരുമായി മധുപാല്‍ നടത്തിയ ദീര്‍ഘ സംഭാഷണം സമകാലിക മലയാളം ഓണപ്പതിപ്പില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com