പാലായിലെ ചിഹ്നം മാണി സാര്‍ തന്നെ;  അത് ആര്‍ക്കും മായ്ക്കാനാവില്ല; യുഡിഎഫ് ആവശ്യപ്പെട്ടിട്ടും ജോസഫ് രണ്ടില അനുവദിച്ചില്ല: ജോസ് കെ മാണി

പാലായിലെ ജനങ്ങളുട ഇടയില്‍ മാണി സാര്‍ എന്നൊരു ചിഹ്നമാണുള്ളത്. അത് ആര്‍ക്കും മായ്ച് കളയാന്‍ കഴിയില്ല
പാലായിലെ ചിഹ്നം മാണി സാര്‍ തന്നെ;  അത് ആര്‍ക്കും മായ്ക്കാനാവില്ല; യുഡിഎഫ് ആവശ്യപ്പെട്ടിട്ടും ജോസഫ് രണ്ടില അനുവദിച്ചില്ല: ജോസ് കെ മാണി

കോട്ടയം:  പാലാ ഉപതെരഞ്ഞടുപ്പിലെ ചിഹ്നം മാണി സാര്‍ തന്നെയാണെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. അത് ആര്‍ക്കും മായ്ക്കാനാവില്ലെന്ന് ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. 

32 വര്‍ഷമായി പാലായില്‍ ജനങ്ങള്‍ മാണി സാറിന് വോട്ട് ചെയ്തത് രണ്ടില ചിഹ്നത്തിലാണ്. മാണി സാറും പാലായും ആയിട്ട്, പാലായും രണ്ടിലയുമായിട്ട് ഇവിടെയുള്ള ജനങ്ങള്‍ക്ക് ആത്മബന്ധമുണ്ട്. ഇപ്പോള്‍ ഐക്യജനാധിപത്യമുന്നണിയുടെ പ്രമുഖ നേതാക്കളായ  ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി, ബെന്നി ബെഹന്നാന്‍, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പിജെ ജോസഫിനോട് രണ്ടില ചിഹ്നം പാലായില്‍ ഉപതെരഞ്ഞടുപ്പില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പിജെ ജോസഫ് അത് നിഷേധിച്ചു. ഇത് പാലായില്‍ ജനങ്ങള്‍ക്ക് വളരെയധികം വേദനയുണ്ടാക്കിയെന്നും പാലായിലെ ജനങ്ങള്‍ക്ക് അത്രമാത്രം ബന്ധം രണ്ടിലയുമായിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

രണ്ടില ചിഹ്നം ലഭിക്കാന്‍ നിയമപരമായ മാര്‍ഗങ്ങളും നോക്കുന്നുണ്ട്. പാലായിലെ ജനങ്ങളുട ഇടയില്‍ മാണി സാര്‍ എന്നൊരു ചിഹ്നമാണുള്ളത്. അത് ആര്‍ക്കും മായ്ച് കളയാന്‍ കഴിയില്ല. മറ്റുകാര്യങ്ങള്‍ നോമിനേഷന്‍ നല്‍കിയ ശേഷം പറയുമെന്ന് ജോസ് കെ മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് പത്രിക നല്‍കുന്നത്. ഒപ്പം മറ്റുള്ള വഴികളും നോക്കുന്നുണ്ടെന്ന് ജോസ് കെ  മാണി പറഞ്ഞു.
 
അതേസമയം ജോസ് ടോമിന് ചിഹ്നം നല്‍കാന്‍ ഉപാധിവച്ച് പിജെ ജോസഫ് രംഗത്തെത്തി. ചെയര്‍മാന്റെ ചുമതലയുള്ള വര്‍ക്കിങ് ചെയര്‍മാനായി തന്നെ അംഗീകരിക്കണം. അങ്ങനെ ചെയ്താല്‍ ചിഹ്നം നല്‍കുന്ന കാര്യം ആലോചിക്കാം. തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയില്ലെങ്കില്‍ ജോസിന് 'രണ്ടില' ചിഹ്നം നല്‍കില്ല. കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ച് റോഷി വിളിച്ചിരുന്നു. പങ്കെടുക്കും. വിജയത്തിനായി ആത്മാര്‍ത്ഥമായി പണിയെടുക്കും. ജോസഫ് പറഞ്ഞു. 

ഇതിനിടെ, സ്വതന്ത്രസ്ഥാനാര്‍ഥിക്കുള്ള ചിഹ്നങ്ങള്‍ ജോസ് ടോം ആവശ്യപ്പെട്ടു. പൈനാപ്പിള്‍ , ഓട്ടോറിക്ഷ, ഫുടബോള്‍ എന്നീ ചിഹ്നങ്ങളാണ് ആവശ്യപ്പെട്ടത്. ചിഹ്നം സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായും കേരളാകോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായും രണ്ട് രീതിയില്‍ ജോസ് ടോം പത്രിക നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com