മരുന്നു കുറിച്ചുകൊടുക്കാറില്ല, ചികിത്സിക്കുന്നത് അപൂര്‍വ രോഗങ്ങള്‍ക്ക്; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി മോഹനന്‍ വൈദ്യര്‍ ഹൈക്കോടതിയില്‍

മരുന്നു കുറിച്ചുകൊടുക്കാറില്ല, ചികിത്സിക്കുന്നത് അപൂര്‍വ രോഗങ്ങള്‍ക്ക്; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി മോഹനന്‍ വൈദ്യര്‍ ഹൈക്കോടതിയില്‍
മരുന്നു കുറിച്ചുകൊടുക്കാറില്ല, ചികിത്സിക്കുന്നത് അപൂര്‍വ രോഗങ്ങള്‍ക്ക്; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി മോഹനന്‍ വൈദ്യര്‍ ഹൈക്കോടതിയില്‍

കൊച്ചി: ചികില്‍സയ്ക്കിടെ ഒന്നരവയസുകാരി മരിച്ച സംഭവത്തില്‍ പാരമ്പര്യ ചികിത്സകന്‍ എന്നവകാശപ്പെടുന്ന മോഹനന്‍ വൈദ്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. ഹര്‍ജി ഹൈക്കോടതി 17 ന് പരിഗണിക്കും. 

പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലിരുന്ന കുട്ടി വൈദ്യരുടെ അശാസ്ത്രീയ ചികിത്സമൂലം മരിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മനപ്പൂര്‍വമായ നരഹത്യയ്ക്കാണ് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വൈദ്യര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മോഹനന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. 

ആലപ്പുഴ ഓച്ചിറ കൃഷ്ണപുരത്ത് ജെഎന്‍ നാട്ടുവൈദ്യശാല നടത്തുകയാണ് മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യര്‍. താന്‍ ഇരുപതു വയസുമുതല്‍ പ്രകൃതി ചികില്‍സ നടത്തുന്ന ആളാണെന്നു ജാമ്യഹര്‍ജിയില്‍ വൈദ്യര്‍ പറയുന്നു. പത്താംക്ലാസ് മാത്രമാണു വിദ്യാഭ്യാസയോഗ്യത. പരമ്പരാഗതമായാണ് നാട്ടുവൈദ്യം അഭ്യസിച്ചത്. മരുന്നു കുറിച്ചുകൊടുക്കാറില്ല. പ്രകൃതിജീവനം, ഭക്ഷണക്രമം എന്നിവയിലൂടെ രോഗം ഭേദമാക്കാമെന്ന ആശയത്തില്‍ ഊന്നിയാണ് പ്രവര്‍ത്തനം. അപൂര്‍വവും ചികില്‍സിച്ചുമാറ്റാന്‍ കഴിയാത്തതുമായ രോഗങ്ങള്‍ക്കാണ് ചികില്‍സ നല്‍കിയിരുന്നത്. നിരവധി പേര്‍ക്ക് സൗഖ്യം പകര്‍ന്നിട്ടുണ്ടെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്. 

എംപിമാരും എംഎല്‍എമാരും തന്നെ ആദരിച്ചിട്ടുണ്ടെന്ന് മോഹനന്‍ വൈദ്യര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു. ഒന്നര വയസുകാരിയായ കുട്ടി മരിക്കാനിടയാക്കിയത് തന്റെ ചികില്‍സാ പിഴവുമൂലമല്ല. കുട്ടിക്ക് യാതൊരുവിധ മരുന്നും കുറിച്ചുനല്‍കിയിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അവകാശപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com