ശമ്പളം കൊടുക്കാന്‍ പണമില്ലാതെ കെഎസ്ആര്‍ടിസി; ഓണത്തിന് മുന്‍പ് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം

ശമ്പള വിതരണത്തിനായി 50 കോടിയും ബോണസ്, സാലറി അഡ്വാന്‍സ് എന്നിവക്കായി 43.5 കോടിയുമാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടത്
ശമ്പളം കൊടുക്കാന്‍ പണമില്ലാതെ കെഎസ്ആര്‍ടിസി; ഓണത്തിന് മുന്‍പ് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ശമ്പള വിതരണം മുടങ്ങി. പ്രളയവും ഉരുള്‍പൊട്ടലും കാരണം വരുമാനം ഇടിഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായത്. ഓണമായതിനാല്‍ ബോണസും മറ്റും നല്‍കുന്നതിനും പണം കൂടുതല്‍ ആവശ്യമാണ്. ഓണത്തിന് മുമ്പ് പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. 

ശമ്പള വിതരണത്തിനായി 50 കോടിയും ബോണസ്, സാലറി അഡ്വാന്‍സ് എന്നിവക്കായി 43.5 കോടിയുമാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടത്. സര്‍ക്കാര്‍ സഹായം ചോദിച്ചെങ്കിലും 16 കോടി മാത്രമാണ് ഇതുവരെ കിട്ടിയത്. 

പ്രളയവും ഉരുള്‍പൊട്ടലും മൂലം സര്‍വ്വീസുകള്‍ മുടങ്ങിയതിനാല്‍ ഓഗസ്റ്റ് മാസത്തെ വരുമാനത്തില്‍ 15 കോടിയോളം ഇടിവുമുണ്ടായി. ഇതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. ഓണത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധവുമായി ഭരണകക്ഷി യൂണിയനും രംഗത്തെത്തി. 

പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഓണത്തിന് മുമ്പ് ശമ്പളവും ബോണസും വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. തൊഴിലാളികളുടെ ശമ്പളം മുടങ്ങിയപ്പോഴും എക്‌സിക്യൂട്ടീവ് ഡയറക്ട ര്‍വിജലന്‍സിന് ഇന്നലെതന്നെ ശമ്പളം വിതരണം ചെയ്തു. പൊലീസില്‍ നിന്ന് ഡപ്യൂട്ടേഷനില്‍ എത്തിയവരുടെ ശമ്പളം മുടങ്ങരുതെന്ന് എംഡിയുടെ നിര്‍ദ്ദേശമുള്ളതിനാല്‍ ആണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com