സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധി നല്‍കണം ; കാഷ്വല്‍ ലീവില്‍ നിയന്ത്രണം വേണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ശുപാര്‍ശ

ജീവനക്കാരുടെ പൊതു അവധികളും കാഷ്വല്‍ ലീവും കുറയ്ക്കണം. ഇപ്പോള്‍ ജീവനക്കാര്‍ക്ക് വര്‍ഷം 20 കാഷ്വല്‍ ലീവ് ഉണ്ട്. ഇത് 12 ആക്കണം
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധി നല്‍കണം ; കാഷ്വല്‍ ലീവില്‍ നിയന്ത്രണം വേണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ശുപാര്‍ശ


തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമാക്കി കുറയ്ക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ. വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ സമിതി സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു.  ജീവനക്കാരുടെ മാനസികസമ്മര്‍ദം കുറയുന്നതുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ പ്രവൃത്തിദിനം കുറയ്ക്കുന്നതിലൂടെ ഉണ്ടാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.

ശനിയാഴ്ച അവധി നല്‍കുന്നതിനു പകരം മറ്റുദിവസങ്ങളില്‍ ഓഫീസ് പ്രവര്‍ത്തനം രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് 5.30 വരെയാക്കണം. ഉച്ചയൂണിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണം. ജീവനക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലിസമയം ക്രമീകരിക്കുന്നതും പരിഗണിക്കാം. അങ്ങനെയാണെങ്കില്‍ ജീവനക്കാര്‍ ഓഫീസിലെത്തുന്ന സമയവും പോകുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി നിശ്ചിതസമയം ജോലിചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

ജീവനക്കാരുടെ പൊതു അവധികളും കാഷ്വല്‍ ലീവും കുറയ്ക്കണം. ഇപ്പോള്‍ ജീവനക്കാര്‍ക്ക് വര്‍ഷം 20 കാഷ്വല്‍ ലീവ് ഉണ്ട്. ഇത് 12 ആക്കണം. മറ്റ് അവധികള്‍ പൊതു അവധികള്‍, പ്രത്യേക അവധികള്‍, നിയന്ത്രിത അവധികള്‍ എന്നിങ്ങനെ മൂന്നായി തിരിക്കണം. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, മേയ് ദിനം, ഓണം (രണ്ടുദിവസം), ക്രിസ്മസ്, ഈദുല്‍ ഫിത്തര്‍, മഹാനവമി എന്നിങ്ങനെ ഒമ്പത് പൊതു അവധി മതിയെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു. 

ഓഫീസുകള്‍ തുടങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പെങ്കിലും സ്‌കൂള്‍ തുറക്കണം. രാവിലെ ഒമ്പതിനാണ് ഓഫീസുകള്‍ തുറക്കേണ്ടത്. ഇതനുസരിച്ച് എട്ടുമണിക്കെങ്കിലും സ്‌കൂള്‍ ആരംഭിക്കേണ്ടി വരും. പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം 40ല്‍നിന്ന് 32 ആയി കുറയ്ക്കണമെന്നും കമ്മീന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കുറഞ്ഞപ്രായം 18ല്‍നിന്ന് 19 ആക്കണം. ഒരു തസ്തികയ്ക്ക് നാല് അവസരംമാത്രമേ നല്‍കാവൂ. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവസരം നിയന്ത്രിക്കേണ്ടതില്ലെന്നും ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശയില്‍ പറയുന്നു. ജീവനക്കാരുടെ വിരമിക്കല്‍ പ്രായംഘട്ടംഘട്ടമായി 60 ആക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശചെയ്തു. ശുപാര്‍ശകള്‍ പരിഗണിക്കണോയെന്ന് സര്‍ക്കാരിന് തീരുമാനിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com