ഉന്നത ഉദ്യോഗസ്ഥരുടെ കോള്‍ റെക്കോര്‍ഡ് പ്രചരിപ്പിക്കാറുണ്ട്; എസ്‌ഐയുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിക്കണം; കളമശ്ശേരി സംഭവത്തില്‍ വിശദീകരണവുമായി സക്കീര്‍ ഹുസൈന്‍

പരാതിക്കാരന്റെ ഫോണ്‍ റെക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ചു. ഈ നടപടി കൃത്യവിലോപമാമാണ്‌ 
ഉന്നത ഉദ്യോഗസ്ഥരുടെ കോള്‍ റെക്കോര്‍ഡ് പ്രചരിപ്പിക്കാറുണ്ട്; എസ്‌ഐയുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിക്കണം; കളമശ്ശേരി സംഭവത്തില്‍ വിശദീകരണവുമായി സക്കീര്‍ ഹുസൈന്‍

കൊച്ചി: എസ്‌ഐയെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈന്‍. കളമശ്ശേരി എസ്‌ഐ അമൃതരംഗനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

എസ്‌ഐ ആണ് തന്നോട് അപമര്യാദയായി പെരുമാറിയത്. പരാതിക്കാരന്റെ ഫോണ്‍ റെക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ചു. ഈ നടപടി കൃത്യവിലോപമാണെന്ന്
സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥന്‍മാരുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കാറുണ്ട്. എസ്‌ഐയുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു. 

എസ്‌ഐയുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. തനിക്കെതിരായി ഉയര്‍ന്ന ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു. 

കുസാറ്റിലെ വിദ്യാര്‍ഥി അക്രമവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ സ്ഥലത്തു നിന്നു പൊലീസ് നീക്കം ചെയ്ത സംഭവത്തിലാണ് സിപിഎം ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈനും എസ്‌ഐ അമൃത് രംഗനും ഫോണിലൂടെ ഏറ്റുമുട്ടിയത്.തന്നെ പിടിച്ചു വണ്ടിയില്‍ കയറ്റിയെന്നും അസഭ്യം പറഞ്ഞെന്നും വിദ്യാര്‍ഥി നേതാവ് പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സക്കീറിന്റെ ഇടപെടല്‍.

താന്‍ എസ്എഫ്െഎ നേതാവിനെ സംഘര്‍ഷത്തിനിടയില്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയായിരുന്നുവെന്ന് എസ്‌ െഎ വിശദീകരിച്ചു. എന്നാല്‍, എസ്െഎയെപ്പറ്റി പൊതുവേയും സംഘടനകള്‍ക്കിടയിലും പരാതികളുണ്ടെന്നും കളമശേരിയിലെ രാഷ്ടീയ സാഹചര്യം നോക്കി വേണം പ്രവര്‍ത്തിക്കാനെന്നും സക്കീര്‍ പറഞ്ഞു. താന്‍ അതിനു തയാറല്ലെന്നും പരീക്ഷയെഴുതി പാസായാണ് പെലീസിലെത്തിയതെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടു നോക്കി ജോലി ചെയ്യാന്‍ കഴിയില്ലെന്നും എസ്‌ഐ പറഞ്ഞു.

ചത്തുകിടന്നാലും കുട്ടികള്‍ തമ്മിലടിക്കാന്‍ അനുവദിക്കില്ലെന്നും യൂണിഫോമിട്ടു മരിക്കാന്‍ തയാറാണെന്നും അദ്ദേഹം തുറന്നടിച്ചു. അതേസമയം, പൊതുപ്രവര്‍ത്തകരോടു മാന്യമായി പെരുമാറണമെന്നേ താന്‍ ആവശ്യപ്പെട്ടുള്ളുവെന്ന് സക്കീര്‍ഹുസൈന്‍ വിശദീകരിച്ചു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സക്കീര്‍ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു സിപിഎം മുന്‍പു മാറ്റിയെങ്കിലും കേസില്‍ കുറ്റക്കാരനല്ലെന്നു പാര്‍ട്ടി കണ്ടെത്തിയതിനെ തുടര്‍ന്ന് ഏരിയ സെക്രട്ടറി സ്ഥാനം തിരികെ നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com