കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ : ഹൈക്കോടതി സ്വമേധയാ കേസെടുത്തു ; സര്‍ക്കാരിനും കോര്‍പ്പറേഷനും നോട്ടീസ്

റോഡുകള്‍ വാഹനം ഓടിക്കാന്‍ പോലും യോഗ്യമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു
കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ : ഹൈക്കോടതി സ്വമേധയാ കേസെടുത്തു ; സര്‍ക്കാരിനും കോര്‍പ്പറേഷനും നോട്ടീസ്

കൊച്ചി : കൊച്ചിയിലെ റോഡിന്റെ മോശം അവസ്ഥയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസെടുത്തത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്ത് പരിഗണിച്ചാണ് കോടതി കേസെടുത്തത്. 

കോടതി സര്‍ക്കാരിനും കൊച്ചി കോര്‍പ്പറേഷനും നോട്ടീസ് അയച്ചു. കൊച്ചിയിലെ പ്രധാനപ്പെട്ട ആറു റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കലൂര്‍-കടവന്ത്ര റോഡ്, വെറ്റില-കുണ്ടന്നൂര്‍ റോഡ്, തമ്മനം- പുല്ലേപ്പടി റോഡ്, തേവര റോഡ്, ചളിക്കവട്ടം റോഡ്, പൊന്നുരുന്നി പാലം റോഡ് എന്നിവയാണ് കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 

ഈ റോഡുകള്‍ വാഹനം ഓടിക്കാന്‍ പോലും യോഗ്യമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. റോഡുകള്‍ തകര്‍ന്നതുമൂലം ഈ റോഡുകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതായും കോടതി നിരീക്ഷിച്ചു. ആദ്യം പൊതുമരാമത്ത് വകുപ്പിനെ മാത്രമായിരുന്നു കോടതി എതിര്‍കക്ഷിയാക്കിയിരുന്നത്. പിന്നീട് കൊച്ചി കോര്‍പ്പറേഷനെ കൂടി കോടതി എതിര്‍കക്ഷിയാക്കി.

റോഡുകളുടെ ശോച്യാവസ്ഥയില്‍ പിഡബ്ലിയുഡി വകുപ്പും സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഓണാവധിക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയപ്പോള്‍, ഉടന്‍ പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com