ജോസഫ് ആവശ്യപ്പെട്ട പ്രകാരം കത്ത് നല്‍കേണ്ടതില്ലെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു; വെളിപ്പെടുത്തലുമായി ജോസ് കെ മാണി

വര്‍ക്കിങ് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് ചെയര്‍മാന്‍ എന്ന രീതിയില്‍ കത്ത് നല്‍കേണ്ടതില്ലെന്ന പറഞ്ഞത് യുഡിഎഫ് നേതാക്കള്‍
ജോസഫ് ആവശ്യപ്പെട്ട പ്രകാരം കത്ത് നല്‍കേണ്ടതില്ലെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു; വെളിപ്പെടുത്തലുമായി ജോസ് കെ മാണി


കോട്ടയം:  പാലാ  ഉപതെരഞ്ഞടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ടോം ജോസിന് പാര്‍ട്ടി ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിന് കത്ത് നല്‍കിയത് യുഡിഎഫ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലെന്ന് ജോസ് കെ മാണി.  കത്ത് തയ്യാറാക്കിയ ശേഷം മറുവശത്തുനിന്ന് കിട്ടിയ നിര്‍ദ്ദേശം വര്‍ക്കിങ് ചെയര്‍മാന്‍ എന്നുപറഞ്ഞാല്‍ പോരാ, വര്‍ക്കിങ് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് ചെയര്‍മാന്‍ എന്ന് എഴുതണമെന്ന് പറഞ്ഞു. യുഡിഎഫുമായി ആലോചിച്ചപ്പോള്‍ അത്തരത്തിലൊരു കത്ത് നല്‍കേണ്ടതില്ലെന്നാണ് തീരുമാനിച്ചതെന്ന് ജോസ് കെ മാണി പറഞ്ഞു. 

യുഡിഎഫ് ഒരുമിച്ചിരുന്നാണ് പാലായിലെ സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് ചെയര്‍മാന്‍ പ്രഖ്യാപിച്ചത്. അതിന് ശേഷം പിജെ ജോസഫിന്റെ നിലപാടും ലക്ഷ്യവും അറിയില്ല. ഈ രീതിയില്‍ യുഡിഎഫിനെ ദുര്‍ബലപ്പടുത്തുന്നത് ശരിയല്ലെന്നാണ് തോന്നുന്നതെന്നും ജോസ് കെ മാണി പറഞ്ഞു

യുഡിഎഫ് എടുത്ത ധാരണപ്രകാരം യുഡിഎഫും കേരളാ കോണ്‍ഗ്രസ് എമ്മും പോയിട്ടുണ്ട്. പാലായിലെ തെരഞ്ഞടുപ്പ് വരട്ടെ. ചിഹ്നമൊന്നുമല്ല പ്രശ്‌നം. അത് ഉദ്യോഗസ്ഥര്‍ തീരുമാനിക്കട്ടെ. പാലായിലെ ജനങ്ങള്‍ക്ക് എവിടെ വോട്ട് ചെയ്യണമെന്നറിയാം. എന്താണ് ഉണ്ടായതെന്നും അറിയാം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടെന്നും ടോം ജോസ് അഭിമാനകരമായി വിജയം നേടുമെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം ജോസ് കെ.മാണി യു.ഡി.എഫിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പിജെ ജോസഫ്. രണ്ടില ചിഹ്നം ആവശ്യപ്പെട്ട് ജോസ് തനിക്ക് കത്തയച്ചത് തട്ടിപ്പാണ്. ജോസിന്റെ അധികാരങ്ങള്‍ കോടതി നിര്‍വീര്യമാക്കിയതാണ്. ജോസിന്റെ ഒരഭ്യാസവും നടക്കില്ലെന്നും പിജെ ജോസഫ് പറഞ്ഞു. 

പാലായില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ ജോസഫ് കണ്ടത്തിലിനോട് ഇന്നത്തെ സൂക്ഷ്മപരിശോധനയ്ക്കുശേഷം പത്രിക പിന്‍വലിക്കാന്‍ പിജെ ജോസഫ് ആവശ്യപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷമാകും പിന്‍വലിക്കുക. കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ജില്ലാ വരണാധികാരിയായ കലക്ടറുടെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന. 17 പേരാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com