നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തലസ്ഥാനത്തെത്തി ; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നിയുക്ത ഗവര്‍ണറെ മന്ത്രിമാര്‍  ചേര്‍ന്ന് സ്വീകരിച്ചു
നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തലസ്ഥാനത്തെത്തി ; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം : നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നിയുക്ത ഗവര്‍ണറെ മന്ത്രിമാരായ കെ ടി ജലീല്‍, ഇ ചന്ദ്രശേഖരന്‍, എ കെ ബാലന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കേരളത്തിന്റെ 22-മത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. നിലവിലെ ഗവര്‍ണര്‍ പി സദാശിവത്തിന്റെ കാലാവധി അവസാനിച്ചതോടെയാണ്, പിന്‍ഗാമിയായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേല്‍ക്കുന്നത്. 

മുന്‍ കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. 68 കാരനായ ആരിഫ് മുഹമ്മദ് ഖാന്‍ ചരണ്‍സിംഗിന്റെ ഭാരതീയ ക്രാന്തിദളിലൂടെയാണ് പൊതു രംഗത്തെത്തുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസിലെത്തി. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരുന്നു. മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട് രാജീവുമായി ഉടക്കി കോണ്‍ഗ്രസ് വിട്ട ആരിഫ് ജനതാദളില്‍ ചേര്‍ന്നു. വിപി സിംഗ് സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായി. 

പിന്നീട് ജനതാദള്‍ വിട്ട് ബിഎസ്പിയിലും തുടര്‍ന്ന് ബിജെപിയിലുമെത്തി.  2007 ല്‍ ബിജെപി ക്യാംപ് വിട്ടെങ്കിലും, മോദി പ്രധാനമന്ത്രിയായതോടെ ബിജെപിയുമായി വീണ്ടും അടുത്തു. പിന്നീട് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. മുസ്ലിം സമുദായത്തിലെ പരിഷ്‌കരണ വാദികളിലൊരാളായാണ് ആരിഫ് മുഹമ്മദ് ഖാന്‍ അറിയപ്പെടുന്നത്. മുത്തലാഖ് വിഷയത്തില്‍ മോദിയെ ന്യായീകരിച്ച് ശക്തമായി രംഗത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com