യുഎന്‍എ സാമ്പത്തിക തട്ടിപ്പ് : ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘമാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്
യുഎന്‍എ സാമ്പത്തിക തട്ടിപ്പ് : ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പുകേസില്‍ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്.  ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘമാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, നിധിന്‍ മോഹന്‍, ജിത്തു പിഡി എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ്. 

ഇവര്‍ പേരുമാറി സംസ്ഥാനത്തുടനീളം സഞ്ചരിക്കാനും താമസിക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്യവും നോട്ടീസില്‍ വ്യക്തമാക്കുന്നു. കേസ് എടുത്തതിന് പിന്നാലെ പ്രതികള്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സാമ്പത്തിക  തട്ടിപ്പുകേസില്‍ ജാസ്മിന്‍ ഷാ അടക്കമുള്ളവരെ ചോദ്യം  ചെയ്യാത്തതില്‍ ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. 

പണപ്പിരിവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ തിരിമറി നടത്തി എന്നാണ് ജാസ്മിന്‍ ഷായ്ക്കും മറ്റ് ഭരണസമിതി അംഗങ്ങള്‍ക്കും എതിരെയുള്ള കേസ്.  മൂന്നരക്കോടിയുടെ അഴിമതി നടന്നു എന്നാരോപിച്ചാണ് യുഎന്‍എയുടെ മുന്‍ വൈസ്പ്രസിഡന്റ് സിബി മുകേഷ് ഡിജിപിക്ക് പരാതി നല്‍കിയത്. നഴ്‌സുമാരില്‍ നിന്ന് പിരിച്ച മാസവരിസംഖ്യ ഉള്‍പ്പെടെ ഭീമമായ തുക ഭാരവാഹികള്‍ തട്ടിയെടുത്തതായാണ് പരാതി. വരവ് ചെലവ് കണക്കുകള്‍ കൃത്യമായി അതത് കമ്മിറ്റികളില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുമായിരുന്നു ജാസ്മിന്‍ ഷാ കോടതിയെ സമീപിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com