യുഡിഎഫിലെ പ്രതിസന്ധി ഒഴിയുന്നു ; പത്രിക പിന്‍വലിക്കാന്‍ വിമത സ്ഥാനാര്‍ത്ഥിക്ക് പിജെ ജോസഫിന്റെ നിര്‍ദേശം 

സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ യുഡിഎഫ് നേതൃത്വം ജോസഫിന് മേല്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു
യുഡിഎഫിലെ പ്രതിസന്ധി ഒഴിയുന്നു ; പത്രിക പിന്‍വലിക്കാന്‍ വിമത സ്ഥാനാര്‍ത്ഥിക്ക് പിജെ ജോസഫിന്റെ നിര്‍ദേശം 

കോട്ടയം : പാല ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധി നീങ്ങുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നിലിന്റെ വിമതനായി പത്രിക നല്‍കിയ കര്‍ഷക കോണ്‍ഗ്രസ് നേതാവ് ജോസഫ് കണ്ടത്തിലിനോട് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് നിര്‍ദേശം നല്‍കി. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പത്രിക പിന്‍വലിക്കുമെന്ന് സ്ഥാനാര്‍ത്ഥി ജോസഫ് കണ്ടത്തിലും അറിയിച്ചു. 

രണ്ടില ചിഹ്നം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. രണ്ടില ചിഹ്നം ജോസ് ടോമിന് ലഭിക്കുന്നതിനെ ഏത് വിധേനയും എതിര്‍ക്കുമെന്ന് ജോസഫ് വിഭാഗം നേതാവായ ജോസഫ് കണ്ടത്തില്‍ വ്യക്തമാക്കി. യുഡിഎഫ് സ്വതന്ത്രനായാണ് ജോസ് ടോം മല്‍സരിക്കുന്നതെങ്കില്‍ പിന്തുണയ്ക്കും. യുഡിഎഫിന്റെ മഹത്തായ ഐക്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് പി ജെ ജോസഫ് തന്നോട് പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും ജോസഫ് കണ്ടത്തില്‍ പറഞ്ഞു. 

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിനെതിരെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ജോസഫ് വിഭാഗത്തിന്റെ നീക്കം അപ്രതീക്ഷിതമായിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ യുഡിഎഫ് നേതൃത്വം ജോസഫിന് മേല്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ജോസഫിനെ ഫോണില്‍ വിളിച്ച് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കില്ലെന്നാണ് പി ജെ ജോസഫ് പക്ഷത്തിന്റെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com