അന്നു മുതൽ എല്ലാ മാസവും ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 രൂപ നൽകി ആദർശ്;  ഒമ്പതാം ക്ലാസുകാരന് അഭിനന്ദനവുമായി ധനമന്ത്രി 

മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൻ്റെ ഒരു പകർപ്പുമായാണ് ആദര്‍ശ് ധനമന്ത്രിയെ സന്ദര്‍ശിച്ചത്
അന്നു മുതൽ എല്ലാ മാസവും ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 രൂപ നൽകി ആദർശ്;  ഒമ്പതാം ക്ലാസുകാരന് അഭിനന്ദനവുമായി ധനമന്ത്രി 

തിരുവനന്തപുരം: എല്ലാ മാസവും മുടങ്ങാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 രൂപ സംഭാവന നല്‍കുന്ന ഒമ്പതാം ക്ലാസുകാരന് അഭിനന്ദനവുമായി ധനമന്ത്രി തോമസ് ഐസക്. തിരുവനന്തപുരം, വ്ളാത്താങ്കര, വൃന്ദാവൻ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശിനെ അഭിനന്ദിച്ചാണ് ധനമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. 

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന് ശേഷമാണ് ആദര്‍ശ് എല്ലാ മാസവും മണി ഓര്‍ഡറായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കുന്നതെന്നും കഴിഞ്ഞ നാല് വര്‍ഷമായി മുടക്കം വരുത്തിയിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. എല്ലാ സ്കൂളിലും ദുരിതാശ്വാസ നിധിയിയെന്ന പേരില്‍ ചെറിയ പെട്ടി സ്ഥാപിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൻ്റെ ഒരു പകർപ്പുമായാണ് ആദര്‍ശ് ധനമന്ത്രിയെ സന്ദര്‍ശിച്ചത്. 

ധനമന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പോസ്റ്റിന്‍റെ പൂര്‍ണ രൂപം

പുറ്റിങ്ങൽ വെടിക്കെട്ട് അപകടം അഞ്ചാം ക്ലാസുകാരൻ ആദർശിന്റെ മനസിനെ വല്ലാതെ ഉലച്ചു. ദുരന്ത ഇരകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അടിയന്തിരസഹായം നൽകിയത് അവന് പ്രചോദനമായി. അന്നു മുതൽ എല്ലാ മാസവും ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 രൂപ മണി ഓർഡറായി അയച്ചു വരുന്നു. ഇപ്പോൾ നാല് വർഷം പിന്നിടുകയാണ്. മുടക്കം ഉണ്ടായിട്ടില്ല. ധനകാര്യ വകുപ്പിൽ നിന്നും അഭിനന്ദന സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ടെന്ന് എന്നോട് ആദർശ് പറഞ്ഞു. മുഖ്യമന്ത്രി തന്നെ ആദർശിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. കാലവർഷക്കെടുതിക്ക് സഹായം കൊടുക്കരുതെന്ന് പറയുന്നവരോടൊപ്പമല്ല കേരളമനസ്സ് എന്നു തെളിയിക്കുന്നതിൻ്റെ അനുഭവമായിട്ടാണ് മാസംതോറുമുള്ള ആദർശിൻ്റെ കുഞ്ഞു സംഭാവനയെ അദ്ദേഹം പ്രകീർത്തിച്ചത്.

തിരുവനന്തപുരം, വ്ളാത്താങ്കര, വൃന്ദാവൻ ഹൈസ്കൂളിൽ ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുകയാണ്. അച്ഛന് കുവൈറ്റിലാണ് ജോലി. അമ്മയോടൊപ്പമാണ് താമസം. ഇന്ന് അപ്പൂപ്പനോടൊപ്പം എന്നെ കാണാൻ വന്നത് മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൻ്റെ ഒരു പകർപ്പ് തരാനാണ്. സ്കൂൾ തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെന്ന പേരിൽ ഒരു ബോക്സ് എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയെന്നതാണ് പ്രോജക്ട്. നല്ല പങ്ക് കുട്ടികളുടെ കൈയിലും ചെറുതെങ്കിലും കാശ് കാണും. അത് തുച്ഛവിലയ്ക്ക് കിട്ടുന്ന മിഠായിയും ലഹരിവസ്തുക്കളും വാങ്ങാനാണ് ഉപയോഗിക്കുന്നത്. ദുരിതാശ്വാസനിധി ബോക്സ് കാണുമ്പോൾ അതിലേയ്ക്ക് നിക്ഷേപിക്കാനുള്ള മനോഭാവം ഉണ്ടാവുകയും, തെറ്റായ വഴിയിലേയ്ക്ക് പോകാതിരിക്കുകയും ചെയ്യും. വർഷത്തിലൊരിക്കൽ നിശ്ചിത ദിവസം എല്ലാ സ്കൂളുകളിലും പ്രധാനധ്യാപകരുടെ സാന്നിദ്ധ്യത്തിൽ ഈ തുക എണ്ണിത്തിട്ടപ്പെടുത്തി ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറാം. പലതുള്ളി പെരുവെള്ളം പോലെ എല്ലാ സ്കൂളുകളിലെയും പെട്ടിയിലെ പണം ഒത്തുചേർക്കുമ്പോൾ നല്ലൊരു തുകയുണ്ടാകും. പണത്തേക്കാൾ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് ഇത് സഹായിക്കുമെന്നാണ് ആദർശിൻ്റെ അഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com