ഒരു 'കിടിലന്‍' സ്വതന്ത്രനെ കൊണ്ടുവരാമെന്ന് സിപിഎം; മെനക്കേടാണെന്ന് ഘടകകക്ഷികള്‍, എറണാകുളത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ചകളുമായി എല്‍ഡിഎഫ്

നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സ്വതന്ത്രനെ നിര്‍ത്താമെന്ന നിര്‍ദേശം മുന്നോട്ടുവച്ച് സിപിഎം
ഒരു 'കിടിലന്‍' സ്വതന്ത്രനെ കൊണ്ടുവരാമെന്ന് സിപിഎം; മെനക്കേടാണെന്ന് ഘടകകക്ഷികള്‍, എറണാകുളത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ചകളുമായി എല്‍ഡിഎഫ്

കൊച്ചി: നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സ്വതന്ത്രനെ നിര്‍ത്താമെന്ന നിര്‍ദേശം മുന്നോട്ടുവച്ച് സിപിഎം. എന്നാല്‍ ഘടകക്ഷികള്‍ ഇതിനെ എതിര്‍ത്തു. ഒരു 'കിടിലന്‍ സ്വതന്ത്രനെ' കൊണ്ടുവരാമെന്നാണ് ഇടത് മുന്നണി യോഗത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് പറഞ്ഞത്. സ്വതന്ത്രനെക്കൊണ്ടുവന്നാല്‍ മെനക്കേടാണെന്നാണ് സിപിഐ ഉള്‍പ്പെടെയുള്ള ഘടകക്ഷികളുടെ നിലപാട്. 

സ്വതന്ത്രനെക്കാള്‍ നല്ലത് പാര്‍ട്ടിക്കാരന്‍ തന്നെയാണെന്നും ആളെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനും വോട്ടുകിട്ടുന്നതിനും നല്ലത് പാര്‍ട്ടിക്കാരന്‍ വരുന്നതാണെന്നും ഘടകകക്ഷി നേതാക്കള്‍ പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയം വേഗം വേണമെന്നും ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. അവസാന നിമിഷം എവിടെ നിന്നെങ്കിലും സ്ഥാനാര്‍ഥിയെ ഇറക്കിയിട്ട് കാര്യമില്ല, നേരത്തേ തന്നെ സ്ഥാനാര്‍ഥി രംഗത്തിറങ്ങണമെന്നും ഘടകകക്ഷി നേതാക്കള്‍ പറഞ്ഞു. എന്‍സിപിക്കാരായിരുന്നു കൂടുതല്‍ ശക്തമായി ഇത് ആവശ്യപ്പെട്ടത്.

എറണാകുളത്തേക്ക് സിപിഎം. ലത്തീന്‍ വിഭാഗത്തില്‍ നിന്നുള്ള  സ്വതന്ത്രനെ തേടുന്നതായുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. പാര്‍ട്ടി, സ്ഥാനാര്‍ഥിക്ക് വേണ്ടി തപ്പിക്കൊണ്ടിരിക്കുകയാണ്. ലത്തീന്‍ സമുദായത്തില്‍നിന്നുള്ള ഒരു സാംസ്‌കാരിക നേതാവിനെയാണ് അന്വേഷിക്കുന്നത്. അത് ഉറപ്പിക്കുന്ന വിധത്തിലുള്ള അഭിപ്രായമായിരുന്നു സിപിഎം നേതാവ് മുന്നണി യോഗത്തില്‍ നടത്തിയത്.

എറണാകുളത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനും മറ്റും മുമ്പ് ഇല്ലാത്ത വിധത്തില്‍ പാര്‍ട്ടി രംഗത്തിറങ്ങിയിട്ടുണ്ട്്. അതിനെ പ്രതിരോധിക്കുന്ന വിധത്തില്‍ വോട്ടര്‍ പട്ടിക സൂക്ഷ്മപരിശോധന നടത്താനും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com