മരടിലെ ഫ്ളാറ്റുകൾ രണ്ടാഴ്ചയ്ക്കകം പൊളിക്കണം ; അന്ത്യശാസനവുമായി സുപ്രിംകോടതി

കേസ് 23 ന് പരിഗണിക്കുമ്പോള്‍, കേരള ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു
മരടിലെ ഫ്ളാറ്റുകൾ രണ്ടാഴ്ചയ്ക്കകം പൊളിക്കണം ; അന്ത്യശാസനവുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി : മരടിലെ ഫ്ളാറ്റുകൾ രണ്ടാഴ്ചയ്ക്കകം പൊളിക്കണമെന്ന് സുപ്രിംകോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 20 നകം ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടത്. ഫഌറ്റുകള്‍ പൊളിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. കേസ് 23 ന് പരിഗണിക്കുമ്പോള്‍, കേരള ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. 

മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി മെയ് എട്ടിന് ഉത്തരവിട്ടിരുന്നു. പൊളിച്ചുനീക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഉത്തരവ്. എന്നാല്‍ കോടതി വിധി നടപ്പാക്കാന്‍ വൈകിയതോടെ, കോടതി സ്വമേധയാ കേസെടുത്താണ് ഫ്ളാറ്റുകൾ പൊളിക്കാന്‍ അന്ത്യശാസനം നല്‍കിയത്. ഫ്ളാറ്റുകൾ പൊളിക്കാനുള്ള സുപ്രിംകോടതി ഉത്തരവ് ചോദ്യം ചെയ്ത് ഫ്ളാറ്റുകൾ സുപ്രിംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. 

എന്നാല്‍ ജൂലായ് 11 ന് ഈ ഹര്‍ജി തള്ളിയ കോടതി, ഫ്ളാറ്റുകൾ പൊളിച്ചുനീക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഹോളിഡേഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നീ ഫ്ളാറ്റുകളാണ് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്. 

2006 ല്‍ മരട് പഞ്ചായത്തായിരിക്കെ  തീരദേശ പരിപാലന സോണ്‍ മൂന്നില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് ഫ്ളാറ്റുകൾ നിര്‍മ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. ഫ്ളാറ്റുകൾ സ്ഥിതിചെയ്യുന്ന സ്ഥലം സിആര്‍ ഇസഡ് സോണ്‍ രണ്ടിലാണെന്നും, ഇവിടത്തെ നിര്‍മ്മാണങ്ങള്‍ക്ക് തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു ഫ്ളാറ്റുടമകളുടെ വാദം. 

നിയമം ലംഘിച്ചു കെട്ടിടങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയതിനുപിന്നില്‍ ആരെല്ലാമാണെന്ന് അന്വേഷിച്ചു കണ്ടെത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഫ്ളാറ്റുകൾ പൊളിച്ചുനീക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും അത് പാലിക്കാത്തതില്‍ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ നടപടി വേണ്ടിവരുമെന്നും നേരത്തെ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com