ശകുനംമുടക്കാന്‍ നോക്കുകുത്തിയെപ്പോലെ നിന്നവര്‍ വിഡ്ഢികളായി; പിജെ ജോസഫിന് എതിരെ കേരള കോണ്‍ഗ്രസ് മുഖപത്രം

പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പക്ഷത്തിന് പാര്‍ട്ടി ചിഹ്നം നല്‍കാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പിജെ ജോസഫിനെതിരെ പരോക്ഷ വിമര്‍ശനവുമായി  കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ
ശകുനംമുടക്കാന്‍ നോക്കുകുത്തിയെപ്പോലെ നിന്നവര്‍ വിഡ്ഢികളായി; പിജെ ജോസഫിന് എതിരെ കേരള കോണ്‍ഗ്രസ് മുഖപത്രം

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പക്ഷത്തിന് പാര്‍ട്ടി ചിഹ്നം നല്‍കാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പിജെ ജോസഫിനെതിരെ പരോക്ഷ വിമര്‍ശനവുമായി  കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. പാലായില്‍ ചില നേതാക്കള്‍ അപസ്വരം കേള്‍പ്പിക്കുന്നു. ശകുനംമുടക്കാന്‍ നോക്കുകുത്തിയെപോലെ വഴിവിലങ്ങി നിന്നവര്‍ വിഡ്ഢികളായെന്നും പത്രത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു. സ്ഥാനാര്‍ഥി നിര്‍ണയം ജോസ് കെ മാണിയുടെ ജനപ്രീതി ഉയര്‍ത്തിയെന്നും പത്രം അവകാശപ്പെടുന്നു. 

കഴിഞ്ഞ ദിവസം പാലായില്‍ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിന് എതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. ജോസഫിന്റെ പ്രസംഗത്തിനിടെ തെറിവിളിയും കൂക്കുവിളികളും ഉയര്‍ന്നിരുന്നു. നിങ്ങളില്‍ ചിലരുടെ വികാരം മാനിക്കുന്നുവെന്നും ജോസ് കെ മാണിയുമാള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ അവസാനിക്കും എന്നുമായിരുന്നു ജോസഫിന്റെ ഇതിനോടുള്ള പ്രതികരണം. 

അതേസമയം പാലായിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ജോസ് ടോമിന്റെ ചിഹ്നമേതെന്ന് നാളെ അറിയാം. കോട്ടയം കലക്ടറേറ്റില്‍ മുഖ്യ വരണാധികാരിയായ സബ് കലക്ടര്‍ ചിഹ്നം അനുവദിക്കും. ജോസ് ടോം അടക്കം 12 സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. പത്രിക പിന്‍വലിക്കാന്‍ നാളെ വരെ സമയമുണ്ട്. ഇതിന് ശേഷമായിരിക്കും ചിഹ്നം സംബന്ധിച്ചുള്ള തീരുമാനം. പൈനാപ്പിള്‍, ഓട്ടോറിക്ഷ, ഫുട്‌ബോള്‍ എന്നീ ചിഹ്നങ്ങളില്‍ ഒന്നാണ് ജോസ് ടോം ആവശ്യപ്പെട്ടിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com