19 തൂണുകളിലൊന്നില്‍ സ്ഥാപിച്ച ബുഷ് തിരിഞ്ഞുപോയത് മാത്രമാണ് തകരാറിന് കാരണം ; പാലാരിവട്ടം പാലം തകര്‍ച്ചയില്‍ വിചിത്രവാദം

നിര്‍മാണം നടത്തിയ തൊഴിലാളികളുടെ കഴിവുകേടാണ് നിര്‍മാണത്തിലെ വീഴ്ചയ്ക്കു കാരണമെന്ന നിലയിലും വാദങ്ങളുയര്‍ന്നു
19 തൂണുകളിലൊന്നില്‍ സ്ഥാപിച്ച ബുഷ് തിരിഞ്ഞുപോയത് മാത്രമാണ് തകരാറിന് കാരണം ; പാലാരിവട്ടം പാലം തകര്‍ച്ചയില്‍ വിചിത്രവാദം

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍  മന്ത്രിതല നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ചെയ്തതെന്ന് ടി ഒ സൂരജിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. മുന്‍ മന്ത്രിയെ കുടുക്കാനുള്ള നീക്കങ്ങളാണിതിന്റെ പിന്നിലെന്നും പ്രതിഭാഗം അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. 

പാലത്തിന്റെ 19 പില്ലറുകളില്‍ ഒന്നില്‍ സ്ഥാപിച്ച ബുഷ് തിരിഞ്ഞു പോയതുമാത്രമാണു പാലത്തിനുണ്ടായ തകരാറിനു കാരണമെന്നും ഇതു പരിഹരിക്കാവുന്നതേയുള്ളുവെന്നും പ്രതിഭാഗം വാദിച്ചു. നിര്‍മാണം നടത്തിയ തൊഴിലാളികളുടെ കഴിവുകേടാണ് നിര്‍മാണത്തിലെ വീഴ്ചയ്ക്കു കാരണമെന്ന നിലയിലും വാദങ്ങളുയര്‍ന്നു. 

എന്നാല്‍ പാലത്തിന്റെ എല്ലാ തൂണുകളിലും തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പാലം മുഴുവന്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടെന്നും വിജിലന്‍സ് വാദിച്ചു. ക്രമക്കേടില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു തെളിവുകള്‍ ഇല്ലാതാക്കുമെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി. പ്രതികള്‍ വിജിലന്‍സിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ മൂന്നു ദിവസം ചോദ്യം ചെയ്തപ്പോഴും ഇവരുടെ മനോഭാവത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും അന്വേഷണസംഘം കോടതിയില്‍ ബോധിപ്പിച്ചു. 

അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ന്യൂനതകളും ക്രമക്കേടുകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ടി ഒ സൂരജ് 8.25 കോടി രൂപ കരാറുകാരന് അനുവദിച്ചത് ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്താണ്. ഇതിനു തെളിവുകളുണ്ട്. കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പനിയും നാഗേഷ് കണ്‍സല്‍റ്റന്‍സിയുമായുള്ള പാലത്തിന്റെ രൂപരേഖ സംബന്ധിച്ച കരാറുകളും കമ്പനിയുടെ പ്രവര്‍ത്തനപരിചയവുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാതിരുന്നിട്ടും അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇവര്‍ക്ക് അംഗീകാരം നല്‍കിയെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com