ആശുപത്രിയില്‍ നിന്ന് കാണാതായ രോഗി ഓപ്പറേഷന്‍ തീയേറ്ററില്‍ മരിച്ച നിലയില്‍

മൂക്ക്, വായ, ചെവി, എന്നിവയിലൂടെ രക്തം വാര്‍ന്നൊഴുകി തളം കെട്ടിയിരുന്നു
ആശുപത്രിയില്‍ നിന്ന് കാണാതായ രോഗി ഓപ്പറേഷന്‍ തീയേറ്ററില്‍ മരിച്ച നിലയില്‍


കാസര്‍കോട്: ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ഓപ്പറേഷന്‍ തീയേറ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെന്‍ട്രല്‍ പ്രൊവിഡന്റ്  ഫണ്ട് കണ്ണൂര്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കൊടക്കാട് ആനിക്കോടിയിലെ പി പദ്മനാഭനെയാണ് വ്യാഴാഴ്ച രാത്രി ചെറുവത്തൂര്‍ കെഎഎച്ച് ഹോസ്പിറ്റലിലെ ഒന്നാം നിലയിലുള്ള ഓപ്പറേഷന്‍ തീയേറ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഒന്‍പതിനാണ് പത്മനാഭന്‍ ആശുപത്രിയിലെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈകീട്ട് ഭാര്യ  ശാന്തയെത്തി. ബുധനാഴ്ച രാവിലെ ആറ് മണിയോടെ ചായകുടിക്കാന്നെ് പറഞ്ഞ് മുറിയില്‍ നിന്ന് ഇറങ്ങിയ പത്മനാഭന്‍ തിരിച്ചെത്തിയില്ല. ഏറെ നേരം കാത്തിരുന്നിട്ടും കാണാഞ്ഞതിനാല്‍ ഭാര്യ ആശുപത്രിയിലെ ബില്ലടച്ച് വീട്ടിലേക്ക് പോയി. തൊട്ടടുത്ത ദിവസവും പത്മനാഭന്‍ വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കളെയും മറ്റും വിവരമറിയിച്ച് ശാന്ത അന്വേഷണം നടത്തി. അന്ന് ആശുപത്രിയിലും വിളിച്ച് അന്വേഷിച്ചു. ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. 

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് ആശുപത്രി അധികൃതര്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ ഒരാള്‍ മരിച്ചനിലയിലുണ്ടെന്ന വിവരം ചന്തേര പൊലിസില്‍ അറിയിച്ചത്. 

പദ്മനാഭന്റെ ബന്ധുക്കളെ ആശുപത്രിയിലേക്ക് പൊലീസ് വിളിച്ചുവരുത്തി. പരിശോധനയില്‍ ആളെ തിരിച്ചറിഞ്ഞു. ഓപ്പറേഷന്‍ തീയേറ്ററില്‍ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും സൂക്ഷിക്കുന്ന മേശയിലാണ് മൃതദേഹം കണ്ടത്. മൂക്ക്, വായ, ചെവി, എന്നിവയിലൂടെ രക്തം വാര്‍ന്നൊഴുകി തളം കെട്ടിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മരുന്നും ഡ്രിപ്പും നല്‍കാനായി കൈത്തണ്ടയില്‍ പിടിപ്പിച്ചിരുന്ന സൂചിയുമുണ്ട്.

അടിവസ്ത്രവും ഷര്‍ട്ടും മാത്രമായിരുന്നു വേഷം. ഉടുത്ത ലുങ്കി തൊട്ടടുത്ത ഓപ്പറേഷന്‍ തീയേറ്റര്‍ ടേബിളിലായിരുന്നു. തിയേറ്ററിനകത്തെ ഉപകരണങ്ങള്‍ മിക്കതും വലിച്ചിട്ടുതുപോലെയുണ്ട്. ഇതേതുടര്‍ന്ന് പൊലീസും മുറിയടച്ച് താഴിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com