കേരളത്തില്‍ ബിജെപിക്ക് 25 ലക്ഷം അംഗങ്ങള്‍; അംഗത്വമെടുത്തവരില്‍ സിപിഎം, സിപിഐ ഭാരവാഹികളുമെന്ന് പിഎസ് ശ്രീധരന്‍പിള്ള

ശബരിമല വിധിയെക്കുറിച്ച് മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്
കേരളത്തില്‍ ബിജെപിക്ക് 25 ലക്ഷം അംഗങ്ങള്‍; അംഗത്വമെടുത്തവരില്‍ സിപിഎം, സിപിഐ ഭാരവാഹികളുമെന്ന് പിഎസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: അംഗത്വ പ്രചാരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തില്‍ ബിജെപിയില്‍ ചേര്‍ന്നത് പത്തുലക്ഷം പുതിയ അംഗങ്ങളെന്ന് സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. സി.പി.എമ്മില്‍നിന്നും സി.പി.ഐ.യില്‍നിന്നും ഭാരവാഹികളടക്കം ബി.ജെ.പി.യില്‍ അംഗത്വമെടുത്തു. ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ളവരും ഏറെയുണ്ട്. ഇവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

25 ലക്ഷം പേരാണ് ഇപ്പോള്‍ ബി.ജെ.പി. ക്ക് കേരളത്തിലുള്ളത്. ഓഗസ്റ്റ് 30ന് അംഗത്വ പ്രചാരണത്തിന്റെ ഒന്നാംഘട്ടം അവസാനിക്കുമ്പോള്‍ 70 ശതമാനം വളര്‍ച്ചയുണ്ടാക്കാനായി. ന്യൂനപക്ഷങ്ങളില്‍ ഭീതിയുളവാക്കുന്നവിധം എല്‍.ഡി.എഫും, യു.ഡി.എഫും നരേന്ദ്രമോദി സര്‍ക്കാരിനെതിരേ നടത്തുന്ന വ്യാജപ്രചാരണത്തിനേറ്റ തിരിച്ചടിയാണിത്. മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ ചെറുമകന്‍, കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍, മുന്‍ രജിസ്ട്രാര്‍ എന്നിവരൊക്കെ പുതുതായി അംഗത്വമെടുത്തവരിലുണ്ട്. 92,000 പേര്‍ അംഗത്വം ആവശ്യപ്പെട്ട് സമീപിച്ചവരാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമല വിധിയെക്കുറിച്ച് മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഗവര്‍ണറായിരിക്കെ പറയാത്തത് സ്ഥാനമൊഴിഞ്ഞശേഷം പറയുന്നതിന് വലിയ പ്രാധാന്യമില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാരും സി.പി.എമ്മും ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. പാര്‍ട്ടി നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു. അംഗത്വ പ്രചാരണകമ്മിറ്റി കണ്‍വീനര്‍ ജയസൂര്യന്‍ പാലയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com