ചോദിച്ചത് ഓട്ടോറിക്ഷ, കിട്ടിയത് കൈതച്ചക്ക; ജോസ് ടോമിന് ചിഹ്നമായി 

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ചിഹ്നം കൈതച്ചക്ക
ചോദിച്ചത് ഓട്ടോറിക്ഷ, കിട്ടിയത് കൈതച്ചക്ക; ജോസ് ടോമിന് ചിഹ്നമായി 

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ചിഹ്നം കൈതച്ചക്ക.കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിന്റെ ചിഹ്നമായ രണ്ടില ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൈതച്ചക്കയാണ് വരണാധികാരി അനുവദിച്ചത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ മത്സരിക്കാന്‍  ആഗ്രഹിക്കുന്ന ചിഹ്നങ്ങളും ഇതില്‍ രേഖപ്പെടുത്താറുണ്ട്. ഇതനുസരിച്ച് പൈനാപ്പിള്‍, ഓട്ടോറിക്ഷ, ഫുട്‌ബോള്‍ എന്നിവയാണ് നല്‍കിയിരുന്നത്. കൈതച്ചക്കയ്ക്കാണ് ആദ്യ പരിഗണന നല്‍കിയിരുന്നത്. എന്നാല്‍ കൈതച്ചക്കയോട് സാദൃശ്യമുളള ചിഹ്നങ്ങളുമായി മറ്റു സ്ഥാനാര്‍ത്ഥികള്‍ രംഗത്തുവന്നാല്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഇത് വോട്ട് മാറാന്‍ ഇടയാക്കുമെന്ന് യുഡിഎഫ് നേതൃത്വത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മതിയെന്ന തീരുമാനത്തില്‍ യുഡിഎഫ് എത്തിച്ചേരുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൈതച്ചക്ക അനുവദിച്ചു കൊണ്ടുള്ള വരണാധികാരിയുടെ തീരുമാനം പുറത്തുവന്നത്.

കേരള  കോണ്‍ഗ്രസ് മാണിവിഭാഗത്തിന്റെ ചിഹ്നമായ രണ്ടില ലഭിക്കാന്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനായ പി ജെ ജോസഫിന്റെ അംഗീകാരം ആവശ്യമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉടക്കിനില്‍ക്കുന്ന പി ജെ ജോസഫ് ജോസ് ടോമിനെ കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നതില്‍ അനുകൂല നിലപാടല്ല സ്വീകരിച്ചത്. തുടര്‍ന്നാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജോസ് ടോമിനെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com