പശ്ചിമഘട്ടത്തില്‍ ഭൂമിയില്‍ വിള്ളലുകള്‍ ; 21 അണക്കെട്ടുകളില്‍ ഭൂചലന സാധ്യത കൂടുതല്‍ ; പഠനറിപ്പോര്‍ട്ട്

വലിയ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് മൂലം ഭൂമിയുടെ ഉപരിതലത്തിലേക്കുണ്ടാക്കുന്ന മര്‍ദമാണ് ഭൂചലന സാധ്യത കൂട്ടുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം : കേരളത്തിലെ 21 അണക്കെട്ടുകളിലെ ഉയര്‍ന്ന ജലനിരപ്പ് ഭൂചലന സാധ്യത കൂട്ടിയെന്ന് പഠനറിപ്പോര്‍ട്ട്. മൂന്നുമുതല്‍ അഞ്ചരവരെ തീവ്രതയുള്ള ഭൂകമ്പസാധ്യത പ്രദേശമാണ് കേരളമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ സര്‍വകലാശാലയിലെ പ്രൊഫ. രാമസ്വാമി സോമസുന്ദരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2018ലെ പ്രളയത്തിനുശേഷമാണ് പഠനം നടത്തിയത്.

വലിയ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് മൂലം ഭൂമിയുടെ ഉപരിതലത്തിലേക്കുണ്ടാക്കുന്ന മര്‍ദമാണ് ഭൂചലന സാധ്യത കൂട്ടുന്നത്. ഇത്തരത്തിലുള്ള മര്‍ദംമൂലമാണ് 1967ല്‍ മഹാരാഷ്ട്രയിലെ കൊയ്‌ന ജലസംഭരണി പ്രദേശത്ത് ഭൂചലനമുണ്ടായത്. പശ്ചിമഘട്ടത്തിലെ സാഹചര്യങ്ങളും നീങ്ങുന്നത് സമാന അവസ്ഥയിലേക്കാണെന്ന് ഡോ. രാമസ്വാമി പറഞ്ഞു.

കേരളത്തില്‍ 43ലധികം അണക്കെട്ടുകളും ജലസംഭരണികളുമുണ്ട്. പലതും പരിസ്ഥിതി ദുര്‍ബലമായ പശ്ചിമഘട്ടമേഖലയിലാണ്. പശ്ചിമഘട്ടത്തിലെ പാറകള്‍ ദുര്‍ബലമാണെന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ ഗുരുതമാണെന്ന് കാലിഫോര്‍ണിയയിലെ ചാപ്മാന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ രമേഷ് സിങ്ങും ശരിവെച്ചിട്ടുണ്ട്. 

ഇടുക്കി, പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത്, ഇടമലയാര്‍, മാട്ടുപ്പെട്ടി, മുല്ലപ്പെരിയാര്‍, ശിരുവാണി, മംഗലം, പോത്തുണ്ടി, മലമ്പുഴ തുടങ്ങി 21 അണക്കെട്ടുകളിലെ ജലക്രമീകരണത്തില്‍ അതിശ്രദ്ധവേണമെന്നാണ് പറയുന്നത്. പശ്ചിമഘട്ടത്തിലെ പലയിടത്തും ഭൂമിയില്‍ വിള്ളലുകള്‍ ഉണ്ട്. അതുകൊണ്ടുതന്നെ അണക്കെട്ടുകളുടെ ജലശക്തിയുമായി ബന്ധപ്പെട്ട പഠനങ്ങളും നടത്തണം. ജലനിരപ്പ് ക്രമീകരിച്ച് അണക്കെട്ട് പരിപാലന നടപടിക്രങ്ങള്‍ കൃത്യമായി പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹം വഴിയും നാസയുടെ ഷട്ടില്‍ റഡാര്‍ ടോപ്പോഗ്രാഫി മിഷന്‍ വഴിയുമുള്ള വിവരങ്ങള്‍കൂടി വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഇപ്പോഴത്തെ റിമോട്ട് സെന്‍സിങ് പഠനരീതിക്കൊപ്പം ഭൗമാന്തര്‍ ഭാഗത്തേക്കിറങ്ങുന്ന റഡാര്‍ (ജി.പി.ആര്‍.) സംവിധാനം ഉപയോഗിച്ചും പഠനം വേണമെന്നും നിര്‍ദേശിക്കുന്നു. 2019ലെ പ്രളയശേഷമുള്ള സാഹചര്യവും ഇനി പഠിക്കും. അളഗപ്പ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും പഠനത്തില്‍ പങ്കാളികളായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com