രാജ്യത്തിന് നല്ലതെന്ന് ഉത്തമബോധ്യമുളള കാര്യം ചെയ്യാതിരിക്കുന്നതാണ് ഏറ്റവും വലിയ രാജ്യദ്രോഹം: കണ്ണൻ ഗോപിനാഥൻ
By സമകാലികമലയാളം ഡെസ്‌ക് | Published: 09th September 2019 08:54 AM |
Last Updated: 09th September 2019 08:54 AM | A+A A- |
തിരുവനന്തപുരം: രാജ്യത്തിന് നല്ലതെന്ന് നമുക്ക് ഉത്തമബോധ്യമുള്ള ഒരുകാര്യം ചെയ്യാതിരിക്കുന്നതാണ് ഏറ്റവും വലിയ രാജ്യദ്രോഹമെന്ന് രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. ചോദ്യങ്ങൾക്ക് ഉത്തരമില്ലാതാകുമ്പോഴുള്ള എളുപ്പവഴിയാണ് അപവാദങ്ങൾ പ്രചരിപ്പിക്കൽ. എന്നാൽ അതുകൊണ്ടൊന്നും പറയാനുള്ള അവകാശത്തെ ഇല്ലാതാക്കാനാവില്ലെന്നും ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
അഭിപ്രായസ്വാതന്ത്ര്യം പോലെ ഗുരുതരമായ വിഷയങ്ങൾ വരുമ്പോൾ പ്രതികരിച്ചില്ലെങ്കിൽ ഈ വിഷയത്തിൽ ഒരാൾ പോലും പ്രതികരിച്ചില്ലെന്ന് ചരിത്രം രേഖപ്പെടുത്തും. ഒരു കുട്ടിക്ക് ഇൻജക്ഷൻ കൊടുത്തിട്ട് കരയാനുള്ള അവകാശം നമ്മൾ നിഷേധിച്ചാൽ എന്ത് സംഭവിക്കുമെന്നും കണ്ണൻ ഗോപിനാഥൻ ചോദിക്കുന്നു.
പൗരനെന്ന നിലയിൽ സർക്കാരിനോട് ഒരപേക്ഷയുണ്ട്. എങ്ങനെ സംവാദം നടത്തണം, ഏത് രീതിയിൽ വിയോജിപ്പ് പ്രകടിപ്പിക്കണം, എങ്ങനെ തർക്കിക്കണം എന്നതിനെക്കുറിച്ച് ഒരധ്യായം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. എങ്ങനെ സംവാദത്തിൽ ഏർപ്പെടണമെന്ന ചെറിയ ധാരണയെങ്കിലും ആളുകൾക്ക് ഉണ്ടായാൽ പല പ്രശ്‌നങ്ങളും ഒഴിവായേക്കുമെന്നും അദ്ദേഹം പറഞ്ഞു.