അവസാനശ്രമവുമായി ഫ്ലാറ്റ് ഉടമകൾ ; പൊളിക്കുന്നതിനെതിരെ വീണ്ടും ഹർജി; കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി

ഈ മാസം 20 നകം മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകൾ  പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു
അവസാനശ്രമവുമായി ഫ്ലാറ്റ് ഉടമകൾ ; പൊളിക്കുന്നതിനെതിരെ വീണ്ടും ഹർജി; കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി

കൊച്ചി : മരടിലെ അഞ്ച്  ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന സുപ്രിംകോടതി അന്ത്യശാസനം പുറപ്പെടുവിച്ചിരിക്കെ,  ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ ഫ്ലാറ്റ് ഉടമകൾ സുപ്രിംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. തിരുത്തല്‍ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. 

ഫ്ലാറ്റുകൾ നിര്‍മ്മിച്ചതിലെ നിയമലംഘനം പരിശോധിക്കാനായി സുപ്രിംകോടതി നേരത്തെ മൂന്നംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയിരുന്നു. തദ്ദേശ സ്വയംഭരണ സെക്രട്ടറി, കളക്ടര്‍, ചീഫ് മുനിസിപ്പില്‍ ഓഫീസര്‍ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്നത്. ഈ സമിതി ഫ്ലാറ്റ് ഉടമകളുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

ആ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സുപ്രിംകോടതി ഫ്ലാറ്റുകൾ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കൂടാതെ, ഈ സമിതി ഒരു ഉപസമിതിക്ക് രൂപം നല്‍കിയിരുന്നു. ഇത് സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 

ഈ മാസം 20 നകം മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകൾ  പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഫ്ലാറ്റുകൾ പൊളിച്ചുനീക്കി അതിന്റെ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറണമെന്നും, 23 ന് കേസ് പരിഗണിക്കുമ്പോള്‍ കേരള ചീഫ് സെക്രട്ടറി സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.ഫ്ലാറ്റുകൾ പൊളിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും, ജയിലില്‍ അടക്കുന്നത് അടക്കമുള്ള കടുത്ത നടപടി ഉണ്ടായേക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു. 

സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള നടപടികള്‍ മരട് നഗരസഭ സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജില്ലാ കളക്ടറും ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. കോടതി വിധി നടപ്പാക്കേണ്ടത് മരട് നഗരസഭയാണെന്നും, വേണ്ട സഹായങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നല്‍കുമെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. സുപ്രിംകോടതി വിധി അനുസരിക്കുമെന്നും, ഫ്ലാറ്റുകൾ പൊളിച്ചുനീക്കുമെന്നും ചീഫ് സെക്രട്ടറി ടോം ജോസും അറിയിച്ചിട്ടുണ്ട്. എന്നാല്‍ എന്തുവന്നാലും ഒഴിയില്ലെന്ന നിലപാടിലാണ് ഫ്ലാറ്റ് ഉടമകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com