പാലായില്‍ താമസിച്ച് പ്രചാരണം നടത്താന്‍ മുഖ്യമന്ത്രി; യുഡിഎഫിന് വേണ്ടി എത്തുന്നത് വന്‍ നേതൃനിര, ഉപതെരഞ്ഞെടുപ്പ് ചൂട് കടുക്കുന്നു

ഉപതെരഞ്ഞെടുപ്പിന് ചൂട് കനത്തതോടെ ഇടത്-വലത് മുന്നണികളുടെ നേതാക്കള്‍ കൂട്ടത്തോടെ പാലായിലേക്ക് 
പാലായില്‍ താമസിച്ച് പ്രചാരണം നടത്താന്‍ മുഖ്യമന്ത്രി; യുഡിഎഫിന് വേണ്ടി എത്തുന്നത് വന്‍ നേതൃനിര, ഉപതെരഞ്ഞെടുപ്പ് ചൂട് കടുക്കുന്നു

പാലാ: ഉപതിരഞ്ഞെടുപ്പിന് ചൂട് കനത്തതോടെ ഇടത്-വലത് മുന്നണികളുടെ നേതാക്കള്‍ കൂട്ടത്തോടെ പാലായിലേക്ക്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ പ്രചാരണങ്ങള്‍ക്ക് നേതത്വം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എത്തുന്നുണ്ട്. 18 മുതല്‍ 20 വരെ മുഖ്യമന്ത്രി പാലായില്‍ താമസിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. വിവിധ പഞ്ചായത്തുകളില്‍ യോഗങ്ങളില്‍ പ്രസംഗിക്കും. 19നും 20നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, 17 മുതല്‍ 19 വരെ മന്ത്രി എകെ ബാലന്‍, 18നും 19നും മന്ത്രി കെടി ജലീല്‍, 18 മുതല്‍ 20 വരെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, 10 മുതല്‍ 15 വരെ ഡപ്യൂട്ടി സ്പീക്കര്‍ വി ശശി, 12 മുതല്‍ 20 വരെ ചീഫ് വിപ്പ് കെ രാജന്‍ എന്നിവര്‍ പാലായില്‍  സമ്മേളനങ്ങളില്‍ പ്രസംഗിക്കും. മന്ത്രി സികെ ശശീന്ദ്രന്‍ കുടുംബ യോഗങ്ങളിലും പങ്കെടുക്കും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 16 മുതലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 15 മുതലും യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ വിജയത്തിനായി പാലായില്‍ വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പികെ കുഞ്ഞാലിക്കുട്ടി, ബെന്നി ബെഹനാന്‍, എംഎല്‍എമാരായ റോജി എം ജോണ്‍, സണ്ണി ജോസഫ്, അനൂപ് ജേക്കബ്, എം കെ മുനീര്‍, പ്രഫ എന്‍ ജയരാജ്, റോഷി അഗസ്റ്റിന്‍, എംപിമാരായ ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും.

കേന്ദ്ര-സംസ്ഥാന നേതാക്കളെ ഇറക്കി പ്രചാരണം കൊഴുപ്പിക്കാനാണ് എന്‍ഡിഎയും തയ്യാറെടുക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരിയുടെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ കേന്ദ്രമന്ത്രി വി മുരളിധരന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എഎന്‍. രാധാകൃഷ്ണന്‍, എംടി രമേശ്, കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എം ഗണേശ്, സംസ്ഥാന പ്രസിഡന്റ് പിഎസ്. ശ്രീധരന്‍ പിള്ള, ദേശീയ എക്‌സിക്യൂട്ടീവ് അംഗം പികെ കൃഷ്ണദാസ്, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിസി. തോമസ്, പിസി ജോര്‍ജ് എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com