'ഇങ്ങനെയല്ല ഒരു മന്ത്രിയെ കാണാന്‍ വരേണ്ടത്; എയര്‍പോര്‍ട്ടില്‍ വന്നത് അറിഞ്ഞില്ലേ?'; കരിപ്പൂര്‍ വിമാനത്താവള ഡയറക്ടറെ പരസ്യമായി ശാസിച്ച് കേന്ദ്രമന്ത്രി
By സമകാലികമലയാളം ഡെസ്‌ക് | Published: 11th September 2019 08:25 AM |
Last Updated: 11th September 2019 08:25 AM | A+A A- |

കോഴിക്കോട്: നിവേദക സംഘത്തോടൊപ്പം തന്നെ കാണാനെത്തിയ കരിപ്പൂര്‍ വിമാനത്താവള ഡയറക്ടറെ പരസ്യമായി ശാസിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മലബാര്‍ വികസന ഫോറം ഭാരവാഹികള്‍ക്കൊപ്പം എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവു തന്നെ കാണാന്‍ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ എത്തിയതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എന്തുകൊണ്ട് ഡയറക്ടര്‍ തന്നെ കാണാന്‍ എത്തിയില്ലെന്ന് മന്ത്രി ചോദിച്ചു.
കരിപ്പൂര്‍ വിമാനത്താവളം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച നിവേദനം സമര്‍പ്പിക്കാനായിരുന്നു മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ എത്തിയത്. ഇവരുടെ ഒപ്പം ശ്രീനിവാസ റാവു തന്നെ കാണാന്‍ എത്തിയത് ശരിയായില്ലെന്ന് വി മുരളീധരന്‍ പറഞ്ഞു.
'നിവേദക സംഘത്തോടൊപ്പം നിങ്ങള്‍ എന്നെ കാണാന്‍ വരാന്‍ പാടില്ല. ഇങ്ങനെയല്ല എന്നെ നിങ്ങള്‍ വന്നു കാണേണ്ടത്. മറ്റുള്ളവര്‍ക്ക് വരാം. ഞാന്‍ സമ്മതിക്കുന്നു. നിങ്ങളുടെ എയര്‍പോര്‍ട്ടില്‍ ഒരു മന്ത്രി വരുന്നത് നിങ്ങള്‍ അറിഞ്ഞില്ല. അങ്ങനെയൊരു വീഴ്ച എന്തുകൊണ്ട് ഉണ്ടായി എന്ന് നിങ്ങള്‍ കണ്ടുപിടിക്കണം.'-വി.മുരളീധരന്‍ എയര്‍പോര്‍ട്ട് ഡയറക്ടറോട് പറഞ്ഞു.
എന്നാല്‍ കേന്ദ്രമന്ത്രി എത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്നാണ് ശ്രീനിവാസ റാവു മാധ്യമങ്ങളോട് പറഞ്ഞത്. വിമാനത്താവളം സംബന്ധിച്ച് മന്ത്രിക്ക് എന്തെങ്കിലും വ്യക്തത ആവശ്യമുണ്ടെങ്കില്‍ അത് നല്‍കുന്നതിന് വേണ്ടിയാണ് താന്‍ ഗസ്റ്റ് ഹൗസിലേക്ക് എത്തിയതെന്നും നിവേദക സംഘത്തിന്റെ ഭാഗമായല്ല താന്‍ വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.