'ചന്ദ്രമതി ടീച്ചറുടെ കഥ മോഷ്ടിച്ച് പുതിയ ചേരുവകള്‍ ചേര്‍ത്ത് പാകം ചെയ്ത് വിളമ്പേണ്ട സര്‍ഗാത്മക ദാരിദ്ര്യം തല്‍ക്കാലം എനിക്കില്ല'; വിശദീകരണവുമായി സന്തോഷ് ഏച്ചിക്കാനം

ഈ കുറിപ്പ് ടീച്ചറെ വിഷമിപ്പിക്കുകയോ ദേഷ്യം പിടിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ക്ഷമിക്കണം
'ചന്ദ്രമതി ടീച്ചറുടെ കഥ മോഷ്ടിച്ച് പുതിയ ചേരുവകള്‍ ചേര്‍ത്ത് പാകം ചെയ്ത് വിളമ്പേണ്ട സര്‍ഗാത്മക ദാരിദ്ര്യം തല്‍ക്കാലം എനിക്കില്ല'; വിശദീകരണവുമായി സന്തോഷ് ഏച്ചിക്കാനം

കൊച്ചി: മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'സിങ്കപ്പൂര്‍' എന്ന കഥ മോഷണമെന്ന ആരോപണത്തില്‍ വിശദീകരണവുമായി കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം. 'ബിരിയാണി' എന്ന കഥവന്ന സമയത്ത് ഇസ്ലാമോഫോബിയ എന്ന രോഗമാണെന്നായിരുന്നു ആക്ഷേപം. ഇപ്പോഴത് ക്ലെപ്‌റ്റോ മാനിയായെന്ന് സന്തോഷ് ഏച്ചിക്കാനം പറയുന്നു. ആരോപണത്തിന് കാരണമായി പറയുന്ന ചന്ദ്രമതി ടീച്ചറുടെ കാക്കയെന്ന മിനിക്കഥ ഞാന്‍ വായിച്ചിട്ടില്ല. ആരോപണത്തിന് ശേഷമാണ് ഈ കഥ കാണുന്നത്. ടീച്ചറുടെ കഥ മോഷ്ടിച്ച് പുതിയ ചേരുവകള്‍ ചേര്‍ത്ത് പാകം ചെയ്ത് വിളമ്പേണ്ട സര്‍ഗാത്മക ദാരിദ്ര്യം തല്‍ക്കാലം എനിക്കില്ലെന്നും സന്തോഷ് പറയുന്നു.

വിശദീകരണത്തിന്റെ പൂര്‍ണരൂപം

'ബിരിയാണി' വന്ന സമയത്ത് 'ഇസ്ലാമോഫോബിയ' എന്ന രോഗമാണെന്നായിരുന്നു. ആക്ഷേപം. ഇപ്പോഴത് 'ക്ലെപ്‌റ്റോ മാനിയ' (എന്തുകണ്ടാലും മോഷ്ടിക്കുന്ന സ്വഭാവം) എന്ന രോഗമായി മാറിയിരിക്കുന്നു. ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എന്റെ 'സിങ്കപ്പൂര്‍' എന്ന കഥയുടെ നേരെയാണ് സോഷ്യല്‍ മീഡിയക്കാരുടെ കുതിര കയറ്റം. ഇപ്പോള്‍ സമകാലിക മലയാളവും അത് ഏറ്റുപിടിച്ചിരിക്കുന്നു.  രോഗം സ്ഥിരീകരിക്കും മുന്‍പ് അത് ഇല്ലെന്നത് തെളിയിക്കേണ്ടത്  ബാധ്യത എന്നിലായതുകൊണ്ടാണ് ഈ വിശദീകരണം. 

പത്തിരുപത് വര്‍ഷം മുന്‍പ്  എഴുതിയ എന്റെ കാക്ക എന്ന മിനിക്കഥയുടെ പരിഷ്‌കരിച്ച രൂപമാണ് സിങ്കപ്പൂര്‍ എന്നാണ് ചന്ദ്രമതി ടീച്ചറുടെ ആരോപണം. (ആരോപണമായി ടീച്ചറതിനെ കണ്ടിരുന്നോ. അല്ല വെറുമൊരു തോന്നല്‍ ആണോ എന്നെനിക്കറിയില്ല).  ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാന്‍ തുനിഞ്ഞിരിക്കുന്നവരുടെയും കണ്ടെത്തല്‍ ആയിക്കോട്ടെ...

പക്ഷേ ഞാന്‍ ടീച്ചറുടെ മിനിക്കഥ വായിച്ചിട്ടില്ല. ആരോപണത്തിന് ശേഷമാണ് ഞാനീ കഥ കാണുന്നത്. ടീച്ചറുടെ കഥ മോഷ്ടിച്ച് പുതിയ ചേരുവകള്‍ ചേര്‍ത്ത് പാകം ചെയ്ത് വിളമ്പേണ്ട സര്‍ഗാത്മക ദാരിദ്ര്യം തല്‍ക്കാലം എനിക്കില്ലെന്നാണ് എന്റെയൊരു തോന്നല്‍. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല.

ഏതാണ്ട് ഒന്നുരണ്ടുമാസം മുന്‍പ് രാധാകൃഷ്ണന്‍ എന്ന എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കാസര്‍കോട്ടുനിന്നും ഫോണില്‍ വിളിച്ച് പറഞ്ഞ ഒരു സംംഭവത്തില്‍ നിന്നാണ് സിങ്കപ്പൂര്‍ ജനിക്കുന്നത്. കര്‍ണാടകയിലെ പുത്തൂര്‍ എന്ന സ്ഥലത്ത് പ്രശാന്ത് പൂജാരികാപ്പു എന്ന ഒരു ചെറുപ്പക്കാരന്‍ (കഥയില്‍ രവീന്ദ്ര പൂജാരി കാപ്പു)  ഒരു കാക്കയെ വളര്‍ത്തി ബലിതര്‍പ്പണസമയത്ത് വീടുകളിലെത്തിച്ച് ബിസിനസ് നടത്തുന്നു എന്നായിരുന്നു വാര്‍ത്ത. കാക്കയെടുക്കാത്തതുകാരണം മോക്ഷപ്രാപ്തി കിട്ടാതെ തേരാപാര നടക്കുന്ന പരേതര്‍ക്ക് പ്രശാന്ത് പൂജാരിക്കാപ്പു അവരുടെ 'വീടിന്റെ ഐശ്വര്യമായിരിക്കുന്നു'. രാധാകൃഷ്ണനും ഞാനും കുറെനേരം ഇരുന്ന് ചിരിച്ചു. ഈ ചിരി പിന്നീട് കഥയായി മാറി. അതാണ് സത്യം. കന്നട അറിയാവുന്നവര്‍ക്ക് ഞാനിതോടൊപ്പം  കൊടുത്തിരിക്കുന്ന വാര്‍ത്തയും കാപ്പുവുമായിട്ടുള്ള ഫോണ്‍ സംഭാഷണവും കേട്ട് സത്യാവസ്ഥ മനസിലാക്കാവുന്നതാണ്.

ഒരു കഥയെഴുതി അതിനൊക്കെ വിശദീകരണം കൊടുക്കേണ്ടി വരിക എന്നുള്ളത് ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരൊന്നൊന്നരഗതികേടാണ്.  വേറെ ആരുടെ  ആരോപണമായിരുന്നെങ്കിലും എന്നിലെ കേളന്‍ കുലുങ്ങില്ലായിരുന്നു. പക്ഷെ കഥാകാരി എന്ന നിലയില്‍ ഞാന്‍ സ്‌നേഹിക്കുകയും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്ന ചന്ദ്രമതി ടീച്ചര്‍ ഇങ്ങനെ പറഞ്ഞു എന്നറിഞ്ഞപ്പോള്‍ തമാശ രൂപത്തില്‍ പറഞ്ഞാല്‍ ആന്തരികമായ ഒരു വൈക്ലബ്യം.

ഈ കുറിപ്പ് ടീച്ചറെ വിഷമിപ്പിക്കുകയോ ദേഷ്യം പിടിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ക്ഷമിക്കണം. സാരമില്ല ടീച്ചറേ, മലയാള കഥയുടെ അനന്തവിഹായസ്സില്‍ ടീച്ചറുടെ കാക്കയും എന്റെ കാക്കയും ഇനി വരാനിരിക്കുന്ന നൂറ് നൂറായിരം  കാക്കകളും പലരൂപത്തില്‍ പലഭാവത്തില്‍ പലദേശങ്ങളില്‍ പലഭാഷയില്‍ പറന്നുനടക്കട്ടെ. അങ്ങനെ നമ്മുടെ കഥാപ്രപഞ്ചം സര്‍ഗാത്മകതകൊണ്ട് ശബ്ദമുഖരിതമാകട്ടെ. ബഷീറിന്റെ ഭാഷയില്‍ പറഞ്ഞവസാനിപ്പിക്കാം. ഈ വിവാദത്തിന്റെ പേരുപറഞ്ഞ് എന്റെയും എന്റെ കഥയുടെയും മേക്കിട്ട് കേറിയവര്‍ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍. മംഗളം. ശുഭം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com