'നടേശന്‍ ചേട്ടനെ ആര്‍ക്കും പറ്റിക്കാന്‍ കഴിയില്ല; തുഷാര്‍ അങ്ങനെയല്ല'; അതുകൊണ്ടാണ് ചതിക്കുഴിയില്‍ വീണത്: പ്രീതി നടേശന്‍

തുഷാര്‍ അറസ്റ്റിലായപ്പോള്‍ എല്ലാവരും പ്രാര്‍ത്ഥനയിലായിരുന്നു 
'നടേശന്‍ ചേട്ടനെ ആര്‍ക്കും പറ്റിക്കാന്‍ കഴിയില്ല; തുഷാര്‍ അങ്ങനെയല്ല'; അതുകൊണ്ടാണ് ചതിക്കുഴിയില്‍ വീണത്: പ്രീതി നടേശന്‍

കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളിയത് സത്യത്തിന്റെ വിജയമാണെന്ന് തുഷാറിന്റെ അമ്മ പ്രീതി നടേശന്‍. തുഷാറിന്റെ ശുദ്ധത മുതലെടുക്കുകയായിരുന്നു പരാതിക്കാരന്‍. ഗുരുദേവന്റെ കൃപകടാക്ഷത്താല്‍ കേസില്‍  വിജയം കണ്ടു. സംഭവം നടന്ന രാത്രിയില്‍ ഞാന്‍ വിളിച്ചപ്പോള്‍ അമ്മ പേടിക്കേണ്ടെന്നും തെറ്റുചെയ്തിട്ടില്ലെന്നുമാണ് അവന്‍ പറഞ്ഞത്.

തുഷാറിന്റെ വാക്കില്‍ വിശ്വാസം ഉള്ളതിനാല്‍ എനിക്ക് വിഷമം ഉണ്ടായില്ല. ശ്രീനാരായണ ഗുരുദേവനില്‍ സമര്‍പ്പിച്ച് ഞാന്‍ പ്രാര്‍ത്ഥിച്ചു. എസ്എന്‍ഡിപി യോഗം നേതൃത്വത്തില്‍ വെള്ളാപ്പള്ളി എത്തിയതോടെ അദ്ദേഹത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ചില കേന്ദ്രങ്ങളില്‍ നിന്ന് വലിയ ശ്രമമാണ് ഉണ്ടാകുന്നത്. അതിന്റെ ഭാഗമായാണ് ഈ കേസും. തുഷാറിന്റെ മനസ്സ് തളര്‍ത്താനാണ് ഇത്തരത്തിലുള്ള കേസ്. അതിനെയൊക്കെ നേരിട്ട് വിജയിക്കാനുള്ള മനക്കരുത്ത് ഗുരുദേവന്‍ ഞങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

കള്ളക്കേസ് നേരിടാന്‍ തുഷാറിന്റെ കൈയില്‍ ഒരു തെളിവും ഇല്ലായിരുന്നു. പത്ത് വര്‍ഷം മുന്‍പ് തുഷാറിനൊപ്പം നിന്നവരും സ്റ്റാഫും സുഹൃത്തുക്കളും അവരുടെ പക്കല്‍ ഉണ്ടായിരുന്ന രേഖകള്‍ തുഷാറിന് നല്‍കി സഹായിച്ചു. അത് കോടതിയില്‍ ഹാജരാക്കി. അവര്‍ക്കും യൂസഫ് അലിക്കും മുഖ്യമന്ത്രിക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു.

ശുദ്ധനാണ് തുഷാര്‍. ആര് എന്ത് പറഞ്ഞാലും അവന്‍ വിശ്വസിക്കും. എല്ലാവരെയും വിശ്വസിക്കും. അതുകൊണ്ടാണ് ചതിക്കുഴിയില്‍ വീണത്. ഇതില്‍ നിന്ന് പുതിയ പാഠം ഉള്‍ക്കൊള്ളണം. ആര്‍ക്ക് പണം നല്‍കിയാലും കണക്ക് സ്വന്തമായി എഴുതി സൂക്ഷിക്കാറില്ല. ഇപ്പോഴത്തെ അനുഭവം ജീവിതത്തില്‍ പാഠമാകും. നടേശന്‍ ചേട്ടനെ ആര്‍ക്കും പറ്റിക്കാന്‍ കഴിയില്ല. തുഷാര്‍ അറസ്റ്റിലായപ്പോള്‍ എല്ലാവരും പ്രാര്‍ത്ഥനയിലായിരുന്നെന്നും പ്രീതി നടേശന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com