വിദ​ഗ്ധ സമിതി സുപ്രിംകോടതിയെ കബളിപ്പിച്ചു ; തിരുത്തൽ ഹർജിയുമായി മരടിലെ ഫ്ലാറ്റുടമകൾ

വിദ​ഗ്ധ സമിതി സുപ്രിംകോടതിയെ കബളിപ്പിച്ചു ; തിരുത്തൽ ഹർജിയുമായി മരടിലെ ഫ്ലാറ്റുടമകൾ

മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിയിലെ പിഴവ് തിരുത്തണമെന്ന് ഉടമകൾ ഹർജിയിൽ ആവശ്യപ്പെടുന്നു

ന്യൂഡൽഹി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്ലാറ്റുടമകൾ സുപ്രിം കോടതിയിൽ തിരുത്തൽ ഹർജി നൽകി. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കോടതി രജിസ്ട്രിയാണ് ഹര്‍ജി സ്വീകരിച്ചത്. ഗോള്‍ഡന്‍ കായലോരം റെസിഡന്റ് അസോസിയേഷനാണ് തിരുത്തൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. 

ഫ്ലാറ്റുകൾ പൊളിക്കാൻ കോടതി കർശന നിർദ്ദേശം നൽകിയിരിക്കെ തിരുത്തൽ ഹർജി പരിഗണിക്കുമോ എന്ന് വ്യക്തമല്ല. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളെല്ലാം നേരത്തെ സുപ്രിം കോടതി തള്ളിയിരുന്നു.  ഈ സാഹചര്യത്തിൽ തിരുത്തൽ ഹ‍ർജി പരിഗണിക്കുകയാണെങ്കിൽ  ചീഫ് ജസ്റ്റിസ് അടക്കം മുതിർന്ന ജ‍ഡ‍്ജിമാർ കൂടി ഉൾപ്പെട്ട ബെഞ്ചായിരിക്കും ഹർജി പരിഗണിക്കുക. തുറന്ന കോടതിയില്‍ ഹര്‍ജി പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്. 

മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിയിലെ പിഴവ് തിരുത്തണമെന്ന് ഉടമകൾ ഹർജിയിൽ ആവശ്യപ്പെടുന്നു.   ഫ്ലാറ്റുകൾ നിര്‍മ്മിച്ചതിലെ നിയമലംഘനം പരിശോധിക്കാനായി സുപ്രിംകോടതി നേരത്തെ മൂന്നംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ സമിതി സുപ്രീം കോടതിയെ കബളിപ്പിച്ചുവെന്നാണ് ഉടമകളുടെ വാദം. തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്പെഷ്യൽ സെക്രട്ടറിയെ സമിതിയിൽ അംഗമാക്കിയത് കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും, മൂന്നംഗ സമിതി റിപ്പോർട്ട് അതേ പടി അംഗീകരിച്ചത് ഗുരുതരമായ പിഴവാണെന്നും ഫ്ലാറ്റുടമകൾ വാദിക്കുന്നു. 

അപ്പാർട്ട്മെന്‍റുകളിൽ താമസക്കാരുണ്ടെന്ന് ആരും സുപ്രീം കോടതിയെ ധരിപ്പിച്ചില്ലെന്ന വാദവും ഫ്ലാറ്റുടമകൾ നേരത്തെ ഉയർത്തിയിരുന്നു. 
സെപ്റ്റംബർ 20നകം ഫ്ലാറ്റുകൾ പൊളിക്കണമെന്നും 23ന് ചീഫ് സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരാകണമെന്നുമായിരുന്നു സുപ്രിംകോടതി ഉത്തരവിട്ടത്.  20നകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും എന്ന് പറഞ്ഞ സുപ്രീം കോടതി കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് ജയിലിൽ പോകേണ്ടിവരുമെന്ന് വരെ സൂചിപ്പിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com