കുഴഞ്ഞു വീണയാള്‍ക്ക് ചികില്‍സ നല്‍കാതെ റോഡില്‍ ഇറക്കിവിട്ട് ബസുകാരുടെ ക്രൂരത ; രോഗി മരിച്ചു

വണ്ണപ്പുറം സ്വദേശി എ ഇ സേവ്യര്‍ എന്നയാള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : കുഴഞ്ഞുവീണ യാത്രക്കാരനെ റോഡില്‍ ഇറക്കിവിട്ട് സ്വകാര്യബസ് ജീവനക്കാരുടെ ക്രൂരത. റോഡില്‍ ഇറക്കിവിട്ട ഇയാള്‍ മരിച്ചു. വണ്ണപ്പുറം സ്വദേശി എ ഇ സേവ്യര്‍ (68) എന്നയാള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മൂവാറ്റുപുഴയിലാണ് സംഭവം. പ്രാദേശിക കോൺ​ഗ്രസ് നേതാവാണ് സേവ്യർ. 

വണ്ണപ്പുറം- മൂവാറ്റുപുഴ റൂട്ടില്‍ ഓടുന്ന സ്വകാര്യബസില്‍ വെച്ചായിരുന്നു യാത്രക്കാരനായ സേവ്യര്‍ കുഴഞ്ഞു വീണത്. എന്നാല്‍ ഇയാള്‍ക്ക് ഉടന്‍ തന്നെ ചികില്‍സ നല്‍കാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ല. എന്നു മാത്രമല്ല അഞ്ചുകിലോമീറ്റര്‍ മാറി ഞാറക്കാട് എന്ന സ്ഥലത്ത് റോഡില്‍ ഇയാളെ ഇറക്കിവിടുകയായിരുന്നു. 

ഒരു ഓട്ടോയുടെ അടുത്ത് ബസ് നിര്‍ത്തി, സേവ്യറിനെ വലിച്ചിഴച്ച് ബസിന് പുറത്തെത്തിച്ച്, ഓട്ടോയിലേക്ക് തള്ളിക്കയറ്റുയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ സാധനത്തെ നിങ്ങള്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണമെന്ന് ബസ് ജീവനക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. നിങ്ങളില്‍ ആരെങ്കിലും കൂടെ വരണമെന്ന് ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ ബസുകാര്‍ സ്ഥംവിട്ടു.

പിന്നീട് ഓട്ടോഡ്രൈവര്‍ തന്റെ കൂട്ടുകാരെ വിളിച്ചുവരുത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. വണ്ണപ്പുറത്തെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സേവ്യര്‍ ഏറെ താമസിയാതെ മരിച്ചുവെന്നും നാട്ടുകാര്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com