പി കെ ശശി  സിപിഎം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തി; നിര്‍ദേശം സംസ്ഥാന സമിതി അംഗീകരിച്ചു, അടുത്ത യോഗത്തില്‍ പങ്കെടുക്കും

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനപരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശി സിപിഎം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തി
പി കെ ശശി  സിപിഎം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തി; നിര്‍ദേശം സംസ്ഥാന സമിതി അംഗീകരിച്ചു, അടുത്ത യോഗത്തില്‍ പങ്കെടുക്കും

പാലക്കാട്:  ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനപരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശി സിപിഎം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തി. ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കണമെന്ന ശുപാര്‍ശ സംസ്ഥാന സമിതി അംഗീകരിച്ചു. ഇന്നത്തെ ജില്ലാ നേതൃയോഗങ്ങളില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ജില്ലാ കമ്മിറ്റി യോഗത്തില്‍ പി കെ ശശി പങ്കെടുക്കും.

സസ്‌പെന്‍ഷന്‍ കാലയളവില്‍ പി കെ ശശി നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കണമെന്നതായിരുന്നു ശുപാര്‍ശ. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ കഴിഞ്ഞയാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു.  

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പി കെ ശശിയുടെ സസ്‌പെന്‍ഷന്‍ കാലാവധി മേയില്‍ അവസാനിച്ചിരുന്നു. നവംബറിലാണ് ശശിയെ ആറുമാസത്തേയ്ക്ക് സിപിഎം നേതൃത്വം സസ്‌പെന്‍ഡ് ചെയ്തത്.  ഏതുഘടകത്തില്‍ ഉള്‍പ്പെടുത്തണം എന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ സിപിഎം ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പ് ചേര്‍ന്ന പാലക്കാട് ജില്ലാ കമ്മിറ്റിയാണ് ശശിയെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ നല്‍കിയത്.

പി കെ ശശിയെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങളും യോജിക്കുകയായിരുന്നു. 43 അംഗങ്ങള്‍ യോജിച്ചപ്പോള്‍ ആറ് അംഗങ്ങള്‍ മാത്രമാണ് അന്ന് വിയോജിപ്പ് പ്രകടിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com