യുഡിഎഫ് 'മുങ്ങും' ; കൊച്ചി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് ചര്‍ച്ച ; കോണ്‍ഗ്രസ് ഗ്രൂപ്പുപോരില്‍ പ്രതീക്ഷയര്‍പ്പിച്ച് എല്‍ഡിഎഫ്

യുഡിഎഫ് 'മുങ്ങും' ; കൊച്ചി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് ചര്‍ച്ച ; കോണ്‍ഗ്രസ് ഗ്രൂപ്പുപോരില്‍ പ്രതീക്ഷയര്‍പ്പിച്ച് എല്‍ഡിഎഫ്

മേയര്‍ സൗമിനി ജെയിന്റെ നാല് വര്‍ഷത്തെ ഭരണം സമ്പൂര്‍ണ പരാജയമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ ഇടതുപക്ഷം നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും ഇന്ന് നടക്കും. ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് രണ്ടരക്ക് അവിശ്വാസപ്രമേയ നടപടികള്‍ ആരംഭിക്കാനാണ് തീരുമാനം. മേയര്‍ സൗമിനി ജെയിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ ഭരണം സമ്പൂര്‍ണ പരാജയമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. 

മേയര്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുപോരും, യുഡിഎഫിലെ പടലപ്പിണക്കങ്ങളും മുതലെടുക്കാമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. മേയര്‍ സൗമിനി ജെയിനെ മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. ജില്ലയില്‍ നിന്നുള്ള രണ്ട് മുന്‍മന്ത്രിമാരും ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍ ഭരണത്തിന്റെ അവസാനനാളുകളില്‍ മേയര്‍ പദവി മാറ്റം തിരിച്ചടിയാകുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. മാത്രമല്ല, നിലവിലെ സാഹചര്യത്തില്‍ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷവും മേയറെ മാറ്റുന്നതിനോട് യോജിക്കുന്നുമില്ല. 


അവിശ്വാസ പ്രമേയ നടപടികളില്‍ നിന്ന് വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ചര്‍ച്ചയിലോ വോട്ടെടുപ്പിലോ പങ്കെടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കൗണ്‍സിലര്‍മാരെ അറിയിച്ചിട്ടുള്ളത്. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന വിപ്പ് ഡിസിസി പ്രസിഡന്റും ഡെപ്യൂട്ടി മേയറുമായ ടിജെ വിനോദ് കൗണ്‍സിലര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ എല്ലാവരും വ്യാഴാഴ്ച രാവിലെ 11 ന് ഡിസിസി ഓഫീസില്‍ എത്തണമെന്നും ഡിസിസി പ്രസിഡന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

യുഡിഎഫിന്റെ 38 അംഗങ്ങളും ഒന്നിച്ചു നിന്നാല്‍ അവിശ്വാസ പ്രമേയം പരാജയപ്പെടും. 74 അംഗ കൗണ്‍സില്‍ ക്വാറം തികയണമെങ്കില്‍ 38 അംഗങ്ങള്‍ പങ്കെടുക്കണം. ബിജെപിയുടെ രണ്ട് അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ക്വാറം തികയാതെ വന്നാല്‍ അവിശ്വാസ പ്രമേയ നടപടികള്‍ ആറ് മാസം വരെ വൈകിപ്പിക്കാന്‍ സാധിക്കും. ഇതാണ് യുഡിഎഫിന്റെ പ്രതീക്ഷ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com