റെക്കോഡ് നേട്ടത്തിലേക്ക് കുതിച്ചുപാഞ്ഞ് കൊച്ചി മെട്രോ ; ചുരുങ്ങിയ നാളുകള്‍ക്കകം പ്രവര്‍ത്തന ലാഭത്തിലെത്തുന്ന രാജ്യത്തെ ആദ്യ മെട്രോ

സെപ്റ്റംബര്‍ നാലു മുതലാണ് നഗരഹൃദയം കടന്ന് കൊച്ചി മെട്രോ വൈറ്റില തൈക്കൂടത്തേക്ക് സര്‍വീസ് ആരംഭിക്കുന്നത്
റെക്കോഡ് നേട്ടത്തിലേക്ക് കുതിച്ചുപാഞ്ഞ് കൊച്ചി മെട്രോ ; ചുരുങ്ങിയ നാളുകള്‍ക്കകം പ്രവര്‍ത്തന ലാഭത്തിലെത്തുന്ന രാജ്യത്തെ ആദ്യ മെട്രോ

കൊച്ചി : പൊതുഗതാഗത രംഗത്ത് പുത്തനുണര്‍വേകി കൊച്ചി മെട്രോയുടെ കുതിപ്പ്. സര്‍വീസ് ആരംഭിച്ച് രണ്ടു വര്‍ഷത്തിനിടെ മെട്രോ പ്രവര്‍ത്തന ലാഭത്തിലായതായി കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. രാജ്യത്തെ മെട്രോകളുടെ ചരിത്രത്തില്‍ തന്നെ ഇത് റെക്കോഡാണെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി. പ്രതിദിനം രണ്ടുലക്ഷം പ്രവര്‍ത്തന ലാഭം എന്ന നേട്ടമാണ് മെട്രോ കൈവരിച്ചത്. സര്‍വീസ് വൈറ്റില-തൈക്കൂടം വരെ നീട്ടിയതാണ് മെട്രോ കുതിപ്പിന് ഏറെ ഗുണകരമായത്. 

സര്‍വീസ് ആരംഭിച്ച് രണ്ടു വര്‍ഷവും രണ്ടുമാസവും പിന്നിടുമ്പോഴാണ് കൊച്ചി മെട്രോ പ്രദിനം രണ്ടുലക്ഷം പ്രവര്‍ത്തനലാഭം എന്ന നേട്ടത്തിലേക്കെത്തിയത്. ഏറെ തിരക്കുള്ള രാജ്യതലസ്ഥാനത്തെ ഡല്‍ഹി മെട്രോ പോലും നാലു വര്‍ഷം കൊണ്ടാണ് പ്രവര്‍ത്തന ലാഭത്തിലെത്തിയത്. 

സെപ്റ്റംബര്‍ നാലു മുതലാണ് നഗരഹൃദയം കടന്ന് കൊച്ചി മെട്രോ വൈറ്റില തൈക്കൂടത്തേക്ക് സര്‍വീസ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 18 വരെ മെട്രോ നിരക്കുകള്‍ പകുതിയായി കുറയ്ക്കുകയും ചെയ്തിരുന്നു. നേരത്തെ മഹാരാജാസ് വരെ സര്‍വീസ് നടത്തിയിരുന്നപ്പോള്‍ 40000 ആയിരുന്നു പ്രതിദിന യാത്രക്കാരുടെ എണ്ണം. എന്നാല്‍ തൈക്കൂടത്തിലേക്ക് സര്‍വീസ് ദീര്‍ഘിപ്പിച്ചതോടെ യാത്രികരുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തെത്തി.

ടിക്കറ്റ് ഇനത്തിലാണ് മെട്രോയുടെ ലാഭത്തിന്റെ പകുതിയും. ബാക്കി മെട്രോ ട്രെയിനിലെയും സ്‌റ്റേഷനുകളിലെയും തൂണുകളിലെയും പരസ്യങ്ങള്‍, വാടക, ഫുഡ് കോര്‍ട്ടുകള്‍, ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, മെട്രോ സ്‌റ്റേഷനുകളിലെ നോര്‍ക്ക ഫെസിലിറ്റേഷന്‍ സെന്ററുകള്‍ എന്നിവയിലൂടെയാണെന്നും കെഎംആര്‍എല്‍ എം ഡി മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. 

യാത്രാനിരക്കിലെ ഇളവ് ഈ മാസം 18 ന് അവസാനിക്കുകയാണ്. എന്നാല്‍ അതിന് ശേഷവും പ്രതിദിനം ശരാശരി 60,000 മുകളില്‍ യാത്രക്കാര്‍ മെട്രോക്ക് ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കൊച്ചിയിലെ മോശം റോഡുകളും, ഗതാഗത കുരുക്കും യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കും. നിലവില്‍ മഹാരാജാസ് മുതല്‍ തൈക്കൂടം വരെ വേഗത കുറച്ചാണ് സര്‍വീസ് നടത്തുന്നത്. ഇതുപ്രകാരം ആലുവയില്‍ നിന്നും തൈക്കൂടത്തെത്താന്‍ 53 മിനുട്ട് വേണം. 

വേഗത നിയന്ത്രണം എടുത്തുകളയുന്നതോടെ ആലുവയില്‍ നിന്നും 44 മിനുട്ടുകൊണ്ട് തൈക്കൂടത്തെത്താനാകും. ഇതും മെട്രോയിലേക്ക് യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനാകും. ഇതോടെ പ്രവര്‍ത്തനലാഭം രണ്ട് ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്താനാകുമെന്നും കെഎംആര്‍എല്‍ കണക്കുകൂട്ടുന്നു. 

മെട്രോ സ്‌റ്റേഷനുകളിലെല്ലാം യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ തരത്തില്‍ ഓട്ടോറിക്ഷ സര്‍വീസ് ഏര്‍പ്പെടുത്തുന്നതും കെഎംആര്‍എല്‍ പരിഗണിക്കുന്നു. ഇതിനായി ഓട്ടോറിക്ഷ സൊസൈറ്റിയുമായി ചര്‍ച്ച നടത്തിവരികയാണ്. ഒരു സ്‌റ്റേഷനില്‍ ചുരുങ്ങിയത് അഞ്ച് ഓട്ടോകളെങ്കിലും ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും മെട്രോ അധികൃതര്‍ സൂചിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com