അന്ന് എന്നെ തെറി വിളിച്ചവര്‍ ഇപ്പോള്‍ മലയാളത്തിനായി സമരം ചെയ്യുന്നതില്‍ സന്തോഷം: ചുള്ളിക്കാട്

അന്ന് എന്നെ തെറി വിളിച്ചവര്‍ ഇപ്പോള്‍ മലയാളത്തിനായി സമരം ചെയ്യുന്നതില്‍ സന്തോഷം: ചുള്ളിക്കാട്
അന്ന് എന്നെ തെറി വിളിച്ചവര്‍ ഇപ്പോള്‍ മലയാളത്തിനായി സമരം ചെയ്യുന്നതില്‍ സന്തോഷം: ചുള്ളിക്കാട്

കൊച്ചി: സ്‌കൂളില്‍ കുട്ടികളെ തെറ്റുകൂടാതെ എഴുതാനും വായിക്കാനും പഠിപ്പിക്കണം എന്നു പറഞ്ഞതിന് തന്നെ തെറി വിളിച്ചവര്‍ പിഎസ്‌സി പരീക്ഷ മലയാളത്തിലാക്കാന്‍ സമരത്തിന് ഇറങ്ങിയതില്‍ സന്തോഷമുണ്ടെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. മലയാളം തെറ്റുകൂടാതെ പഠിപ്പിക്കണമെന്നു പറഞ്ഞതിന് താന്‍ സംഘിയാണെന്നും സവര്‍ണ ഹിന്ദു ഫാസിസ്റ്റ് ആണെന്നും പ്രഖ്യാപിച്ചവരുണ്ടെന്ന് ചുള്ളിക്കാട് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കുറിപ്പ്: 

അക്ഷരം തെറ്റിയാല്‍ അര്‍ത്ഥവും തെറ്റും. 'കാക്ക' എന്നതിനു പകരം 'കക്ക' എന്നെഴുതിയാല്‍ അര്‍ത്ഥം മാറും. വ്യാകരണം തെറ്റിയാലും ആശയക്കുഴപ്പം  ഉണ്ടാവും.  'വരും' എന്നതിനു പകരം 'വന്നു' എന്നെഴുതിയാല്‍ കാര്യം  മാറും.   ഉച്ചാരണവ്യത്യാസങ്ങളും ആശയവിനിമയത്തെ ബാധിക്കും.'പനി' എന്നു പറയേണ്ടിടത്ത് 'പണി' എന്ന്  ഉച്ചരിച്ചാല്‍ കാര്യം മനസ്സിലാവില്ല. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന ലളിതമായ വസ്തുതകളാണ്. 

സ്‌കൂളില്‍ കുട്ടികളെ തെറ്റുകൂടാതെ എഴുതാനും വായിക്കാനും പഠിപ്പിക്കണം എന്നു ഞാന്‍ പറഞ്ഞുപോയത് അതുകൊണ്ടാണ്. അതിന്റെ പേരില്‍  അദ്ധ്യാപക സമൂഹം എന്നെ മാത്രമല്ല എന്റെ മരിച്ചുപോയ മാതാപിതാക്കളെപ്പോലും അസഭ്യവര്‍ഷത്തില്‍  മൂടി. ഞാന്‍ സംഘിയാണെന്നും സവര്‍ണ്ണ ഹിന്ദു ഫാസിസ്റ്റാണെന്നും പ്രഖ്യാപിച്ചു. അന്ന് എന്നെ തെറിവിളിച്ചവരും എനിക്കുവേണ്ടി ഒരുവാക്കു പറയാന്‍  തയ്യാറാകാത്തവരും പി.എസ്.സി.പരീക്ഷ  മലയാളത്തിലാക്കാന്‍ ആവശ്യപ്പെട്ട് സമരരംഗത്ത് എത്തിയതു കണ്ടപ്പോള്‍ സന്തോഷം തോന്നി. 

എന്നോടുള്ള വ്യക്തിവിരോധവും പകയും ശത്രുതയും ഒന്നും നിങ്ങള്‍ മാറ്റേണ്ടതില്ല. അതൊക്കെ പൂര്‍വ്വാധികം ശക്തമായി തുടര്‍ന്നോളൂ. വരും തലമുറകള്‍ക്കുവേണ്ടിയെങ്കിലും മലയാളം  തെറ്റുകൂടാതെ എഴുതാനും വായിക്കാനും കുഞ്ഞുങ്ങളെ പഠിപ്പിക്കണമെന്ന് ഞാന്‍ അദ്ധ്യാപകസമൂഹത്തോടു താഴ്മയായി അപേക്ഷിക്കുന്നു. എന്റെ കവിത പഠിക്കാനല്ല. പി.എസ്.സി. പരീക്ഷ  അക്ഷരത്തെറ്റുകൂടാതെ എഴുതാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com