വാഹനാപകടം; തീര്‍ത്ഥാടനത്തിന് പോയ നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

ഏര്‍വാടി തീര്‍ഥാടനത്തിനു പോയ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.
വാഹനാപകടം; തീര്‍ത്ഥാടനത്തിന് പോയ നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

ദിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ദിണ്ടിഗലിന് സമീപം വാഹനാപകടത്തില്‍ നാല് മലയാളികല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. മധുര ജില്ലയില്‍ വാടിപ്പട്ടിയില്‍ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാല് മലപ്പുറം സ്വദേശികളടക്കം അഞ്ചുപേരാണ് മരിച്ചത്. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം പേരശ്ശനൂരില്‍ നിന്ന് ഏര്‍വാടിയില്‍ സിയാറത്തിനുപോയ ഒരു കുടുംബത്തിലെ ഉമ്മയും രണ്ടു മക്കളും മരിച്ചവരില്‍പ്പെടുന്നു.

കാറിലുണ്ടായിരുന്ന പേരശ്ശനൂര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദലിയുടെ ഭാര്യ റസീന (39), മകന്‍ ഫസല്‍ (21), മകള്‍ സഹന (ഏഴ്), കുറ്റിപ്പുറം മൂടാല്‍ സ്വദേശി ഹിളര്‍ (47) എന്നിവരും ബൈക്ക് യാത്രക്കാരനായ തമിഴ്‌നാട് ദിണ്ടിക്കല്‍ സ്വദേശി പഴനിച്ചാമി(41)യുമാണ് മരിച്ചത്.

വ്യാഴാഴ്ച പകല്‍ മൂന്നേകാലോടെ വാടിപ്പട്ടിക്ക് സമീപം ദേശീയപാതയിലായിരുന്നു അപകടം. കാറിലുണ്ടായിരുന്ന സിസാനയെ (18) ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറത്തു നിന്ന് മധുര വഴി ഏര്‍വാടിക്ക് പോകുകയായിരുന്നു ഇവര്‍.

മധുരയില്‍നിന്ന് ആന്ധ്രയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാര്‍ വഴിയില്‍ ഒരു ബൈക്ക് ഇടിച്ചിട്ടശേഷം വശത്തേക്ക് വെട്ടിച്ചപ്പോള്‍ മലപ്പുറത്തുനിന്ന് പോയ കാറില്‍ ഇടിക്കുകയായിരുന്നു. പഴനിച്ചാമി, റസീന, ഫസല്‍, സഹന എന്നിവര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഹിളര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ആന്ധ്രയിലേക്കുള്ള കാറിലുണ്ടായിരുന്ന സഞ്ജിത (22), പ്രവീണ്‍ (14), കിരണ്‍ (8), പഴനിച്ചാമിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന പാണ്ടിദുരൈ (46) എന്നിവര്‍ക്കും ഗുരുതരപരിക്കുണ്ട്. ഇവരെ മധുര, ദിണ്ടിക്കല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com