'നിശ്ശബ്ദമാകുകയുമില്ല; ജീവിക്കുന്നത് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്താണ്'; മറുപടിയുമായി ജ്യോതി വിജയകുമാര്‍

ഭയപ്പെടാനും സൈബര്‍ ആക്രമണത്തിനു മുമ്പില്‍ തലകുനിച്ച് അഭിപ്രായ സ്വാതന്ത്യം ഒന്നിനു മുമ്പിലും അടിയറ വയ്ക്കാനും അല്പം പോലും തയ്യാറല്ല
'നിശ്ശബ്ദമാകുകയുമില്ല; ജീവിക്കുന്നത് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്താണ്'; മറുപടിയുമായി ജ്യോതി വിജയകുമാര്‍

കൊച്ചി: സംഘടിതമായ സൈബര്‍ ആക്രമണത്തില്‍ തലകുനിച്ച് അഭിപ്രായ സ്വാതന്ത്ര്യം അടിയറവയ്ക്കില്ലെന്ന് ജ്യോതി വിജയകുമാര്‍. തന്റെ അഭിപ്രായത്തെ അധിക്ഷേപങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയും അപ്രസക്താമാക്കാമെന്നും നിബ്ദമാക്കാമെന്നും കരുതരുതെന്നും ജ്യോതി വിജയകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പറഞ്ഞത് പറഞ്ഞത് തന്നെയാണെന്നും പൂര്‍ണ്ണ ബോധ്യങ്ങളോടെ ഇനിയും പറയുമെന്നും അവര്‍ വ്യക്തമാക്കി. വിവിധ ജീവിതാവവസ്ഥകളെ നേരിട്ടത് ചങ്കുറപ്പോടെയാണെന്നും പതറുകയോ നിശ്ശബ്ദയാവുകയോ ചെയ്യില്ലെന്നും ജ്യോതി വ്യക്തമാക്കുന്നു.കേരളത്തിലെ ക്ഷേത്രങ്ങള്‍ എന്നുമുതലാണ് ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്തായതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് നേതാവ് ഡി വിജയകുമാറിന്റെ മകള്‍ ജ്യോതിക്ക് നേരെ കൂട്ട സൈബര്‍ ആക്രമണമുണ്ടായത്. സംഘപരിവാര്‍ അനുകൂലികളാണ് സമൂഹ മാധ്യമങ്ങള്‍ അവര്‍ക്കെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയത്.

തിരുവോണ ദിവസം ഡി വിജയകുമാറിനും ബന്ധുക്കള്‍ക്കുമൊപ്പം പുലിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ ദുരനുഭവം പങ്കുവെച്ചായിരുന്നു ജ്യോതിയുടെ കുറിപ്പ്. പടികള്‍ക്ക് താഴെ വണ്ടി പാര്‍ക്ക് ചെയ്തപ്പോള്‍ ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍ എന്ന നിലയില്‍ ചിലര്‍ ചോദ്യം ചെയ്‌തെന്ന് ജ്യോതി പറയുന്നു. വണ്ടി മര്യാദയ്ക്ക് പാര്‍ക്ക് ചെയ്തുകൂടെയെന്ന് ചോദിച്ച് ഒരാള്‍ എത്തി. ഇതോടെ വണ്ടി മാറ്റിക്കൊടുത്തു. എന്നാല്‍ അയാളുടെ പെരുമാറ്റം മോശമായിരുന്നതിനാല്‍ മര്യാദയ്ക്ക് സംസാരിച്ചുകൂടേയെന്ന് ചോദിച്ചു. അമ്പലവുമായി ബന്ധപ്പെട്ട എന്ത് കാര്യവും തങ്ങള്‍ ചോദ്യം ചെയ്യുമെന്നും നിങ്ങളാരാണെന്നുമായിരുന്നു മറുചോദ്യം.

'ഞങ്ങളെ ചോദ്യം ചെയതവര്‍ ആര്‍എസ്എസുകാര്‍ ആണെന്ന് അവിടെ ഉണ്ടായിരുന്നവരില്‍ നിന്ന് അറിയാനായി. അതോടെ,നിങ്ങളെ ആരാണ് ക്ഷേത്രത്തിന്റെ ചുമതലയേല്‍പ്പിച്ചതെന്ന് തിരിച്ചു ചോദിച്ചു. അത് നിങ്ങള്‍ക്കറിയേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി. എന്നുമുതലാണ് ക്ഷേത്രങ്ങള്‍ നിങ്ങളുടെ സ്വത്തായതെന്ന് ചോദിച്ച് അമ്പലങ്ങള്‍ എല്ലാവരുടേതുമാണെന്നും രാഷ്ട്രീയം കളിക്കേണ്ടെന്നും ആകാവുന്നത്രയും ഉറക്കെ പറഞ്ഞു. രാഷ്ട്രീയം കളിച്ചാല്‍ ചോദ്യം ചെയ്യുമെന്നും പറഞ്ഞാണ് മടങ്ങിയത്'. ഫാസിസം എത്രമാത്രം കേരളത്തില്‍ പിടിമുറിക്കിയിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു സംഭവമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ജ്യോതി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ജ്യോതിക്ക് നേരെയുണ്ടായത്. ഇതോടെയാണ് കടന്നാക്രമിച്ചവര്‍ക്ക് മറുപടിയുമായി ജ്യോതി വീണ്ടുമെത്തിയത്.

ജ്യോതിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത്രയും കാലം ജീവിച്ചതും വിവിധ ജീവിതാവസ്ഥകളെ നേരിട്ടതും അത്യാവശ്യം ധൈര്യത്തോടെയും ചങ്കുറപ്പോടെയുമാണെന്ന് വിശ്വസിക്കുന്നു.. ഇനിയും അങ്ങനെ തുടരാനാണ് താല്പര്യം.ഭയപ്പെടാനും സൈബര്‍ ആക്രമണത്തിനു മുമ്പില്‍ തലകുനിച്ച് അഭിപ്രായ സ്വാതന്ത്യം ഒന്നിനു മുമ്പിലും അടിയറ വയ്ക്കാനും അല്പം പോലും തയ്യാറല്ല.. ഇന്നലെ, വ്യക്തിപരമായ ഏറെ വേദനിപ്പിച്ച, ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഏറെ ആശങ്കയുയര്‍ത്തുന്ന ചിന്തകളിലേക്ക് നയിച്ച, ഒരു അനുഭവത്തെക്കുറിച്ച് ഉത്തമബോദ്ധ്യത്തോടെ തന്നെയാണ് എഴുതിയത്. ഇത്തരം ഒരു ചര്‍ച്ചയുണ്ടാകുമെന്നു മുന്‍കൂട്ടിക്കണ്ടുമല്ല എഴുതിയത്. ആ അഭിപ്രായത്തെ സഭ്യേതരമായ, സംഘടിതമായ കൂട്ട സൈബര്‍ അധിക്ഷേപങ്ങളിലൂടെ, ആക്രമണങ്ങളിലൂടെ, ഇല്ലാതാക്കാമെന്നും അപ്രസക്തമാക്കാമെന്നും നിശ്ശബ്ദമാക്കാമെന്നും പതിവു രീതിയില്‍ കരുതിയെങ്കില്‍ തെറ്റി.. അനുഭവിച്ചത് അനുഭവിച്ചതു തന്നെയാണ്.. പറഞ്ഞത് പറഞ്ഞതു തന്നെയാണ്.. പറയേണ്ടി വരുമ്പോള്‍ പൂര്‍ണ്ണ ബോദ്ധ്യത്തോടെ പറയേണ്ടവ ഇനിയും പറയുക തന്നെ ചെയ്യും. മനസ്സിലാക്കിയ, പിന്തുണച്ച സൈബര്‍ ലോകത്തെയും പുറത്തെയും എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. അതോടൊപ്പം സൈബര്‍ ആക്രമണം എന്താണെന്ന് നേരിട്ട് മനസ്സിലാക്കിത്തന്ന മറുഭാഗത്തിനും അതിന് ആഹ്വാനം ചെയ്തവര്‍ക്കും നന്ദി.. പതറിയിട്ടില്ല.. പതറുകയുമില്ല... നിശ്ശബ്ദമാകുകയുമില്ല. ജീവിക്കുന്നത് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്താണ്...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com