മദ്യലഹരിയില്‍ പുഴയിലേക്ക് ചാടി; യുവാവിനായി മണിക്കൂറുകള്‍ തിരഞ്ഞ് അഗ്നിരക്ഷാ സേന; നീന്തിക്കയറി കരയില്‍ നിന്ന് രസിച്ച് യുവാവ്; തിരച്ചിലുകാര്‍ക്ക് അസഭ്യവര്‍ഷം

മദ്യലഹരിയില്‍ പുഴയിലേക്ക് ചാടി -യുവാവിനായി മണിക്കൂറുകള്‍ തിരഞ്ഞ് അഗ്നിരക്ഷാ സേന - നീന്തിക്കയറി കരയില്‍ നിന്ന് രസിച്ച് യുവാവ് - തിരച്ചിലുകാര്‍ക്ക് അസഭ്യവര്‍ഷം
മദ്യലഹരിയില്‍ പുഴയിലേക്ക് ചാടി; യുവാവിനായി മണിക്കൂറുകള്‍ തിരഞ്ഞ് അഗ്നിരക്ഷാ സേന; നീന്തിക്കയറി കരയില്‍ നിന്ന് രസിച്ച് യുവാവ്; തിരച്ചിലുകാര്‍ക്ക് അസഭ്യവര്‍ഷം

കൊച്ചി: പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിനായി അഗ്നിരക്ഷാ സേനയും നാട്ടുകാരും പൊലീസും പുഴയില്‍ നടത്തിയത് മണിക്കൂറുകള്‍ നീണ്ട സാഹസിക തിരച്ചില്‍. എല്ലാ വിഫലമായി നിരാശരും ദുഖിതരുമായി ഇവര്‍ മടങ്ങിയതിന് പിന്നാലെ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ ആള്‍ പൊലീസ് സ്റ്റേഷനില്‍ പൊങ്ങി. പുതുപ്പാടി സ്വദേശി ബേസില്‍ കുര്യാക്കോസാണ് അഗ്നി രക്ഷാസേനയെയും പൊലീസിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്.

ഓണാഘോഷം കഴിഞ്ഞ് മദ്യലഹരിയിലായിരുന്ന ബേസില്‍ ബുധനാഴ്ച വൈകീട്ടാണ് മൂവാറ്റുപുഴ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. വസ്ത്രങ്ങളും മൊബൈലും മറ്റും പാലത്തിനരികില്‍ ഉപേക്ഷിച്ച ശേഷം പാലത്തില്‍ നിന്ന് ബേസില്‍ പുഴയിലേക്ക് ചാടുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. തുടര്‍ന്ന് ഡെങ്കി ബോട്ടുള്‍പ്പടെയുള്ള ജലരക്ഷാ ഉപകരണങ്ങളുമായി അഗ്നിരക്ഷാ സേനയും പൊലീസും പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു.

മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും പുഴയില്‍ ചാടിയ ആളെ കണ്ടെത്താനായില്ല. രാത്രിയായതോടെ തിരച്ചില്‍ അടുത്ത ദിവസം തുടരാമെന്ന് തീരുമാനിച്ച് അഗ്നിരക്ഷാസേനയും പൊലീസും നിരാശയോടെ മടങ്ങി.

ഇതിനിടെ പുഴയില്‍ ചാടിയ ആളെ തിരിച്ചറിയാനായി യുവാവ് വസ്ത്രങ്ങള്‍ക്കൊപ്പം അഴിച്ചുവെച്ച മൊബൈലിലെ നമ്പരില്‍ വീട്ടിലേക്ക് വിളിച്ചെങ്കിലും ഫോണിലൂടെ പൊലീസിന് ആദ്യം ഒട്ടും മയമില്ലാത്ത അസഭ്യവര്‍ഷം കേള്‍ക്കേണ്ടി വന്നു. എന്നാല്‍ വിളിക്കുന്നത് പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്നറിഞ്ഞതോടെ ഇയാളുടെ ബന്ധുക്കള്‍ പൊലീസുമായി സംസാരിച്ചു. 

വിവരങ്ങള്‍ അറിഞ്ഞതോടെ ബേസിലുമായി ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ലഹരിമൂത്ത് പുഴയില്‍ ചാടിയ ബേസില്‍ നീന്തി അമ്പലക്കടവില്‍ കയറിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു. അഗ്നിരക്ഷാ സേനയും പൊലീസും ഇയാള്‍ക്കായി തിരച്ചില്‍ നടത്തുമ്പോള്‍ ഇയാള്‍ ഇത് കുറച്ചുനേരം നോക്കിനിന്ന ശേഷം വീട്ടിലേക്കു പോകുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് പൊലീസ് വീട്ടിലേക്ക് ക്ഷണിക്കുന്നത്. ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തതും അസഭ്യം പറഞ്ഞതും ഇയാള്‍ തന്നെയായിരുന്നു. ഇയാള്‍ ആദ്യം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത് ആരും അറിഞ്ഞില്ല.

രണ്ടാമത് വീണ്ടും പാലത്തില്‍ നിന്ന് ചാടിയതാണ് കാല്‍നടയാത്രക്കാരില്‍ ചിലര്‍ കണ്ടത്. നാട്ടുകാരെ അറിയിച്ച ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു രണ്ടാമതും പുഴയില്‍ ചാടിയതെന്നായിരുന്നു ബേസില്‍ പൊലീസിനോട് വിശദീകരിച്ചത്. പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വട്ടം കറക്കിയ യുവാവിനെ പിന്നീട് ബന്ധുക്കളുടെ അപേക്ഷയെ തുടര്‍ന്ന് പൊലീസ് താക്കീത് ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com