ബിഡിജെഎസ് ഇടതുപക്ഷത്തേക്ക്?; ആശങ്കയോടെ ബിജെപി

ചെക്കുകേസില്‍ നിന്നു രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സജീവമായി ഇടപെടുകയും ചെയ്തതോടെ ബിഡിജെഎസ് ഇടതുപക്ഷത്തേക്ക് ചായുന്നോ എന്നാണ് ബിജെപിയുടെ സംശയം
ബിഡിജെഎസ് ഇടതുപക്ഷത്തേക്ക്?; ആശങ്കയോടെ ബിജെപി

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി  മാണി സി കാപ്പന് വിജയസാധ്യതയുണ്ടെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍ ബിജെപിക്ക് അങ്കലാപ്പും ആശങ്കയും. വെള്ളാപ്പള്ളിയുടെ പ്രസ്താവന തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസിന്റെ മനസുമാറ്റുമോ എന്നതാണ് ബിജെപിയെ ആശങ്കയിലാഴ്ത്തുന്നത്.  വിദേശത്തുണ്ടായ ചെക്ക് കേസില്‍ നിന്ന് എന്‍ഡിഎ കണ്‍വീനര്‍ കൂടിയായ തുഷാറിനെ ര്ക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിന്റെ നന്ദി പ്രകടിപ്പിക്കലാണോ ഇതെന്നും ബിജെപി സംശയിക്കുന്നു.

പാലായെക്കാള്‍ എന്‍ഡിഎയും ബിജെപിയും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് വട്ടിയൂര്‍ക്കാവിലെയും മഞ്ചേശ്വരത്തെയും ഉപതെരഞ്ഞടുപ്പുകള്‍ക്കാണ്. പാലായില്‍ വോട്ട് ഉയര്‍ത്താമെന്നും പ്രതീക്ഷിക്കുന്നു. ഇതിനിടെയാണ് ഇടതുമുന്നണിക്ക് അനുകൂലമായി വെള്ളാപ്പള്ളിയുടെ പ്രതികരണം.

വെള്ളാപ്പള്ളിയുടെത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള പ്രതികരണമാണെന്നും അത് ബിഡിജെഎസിനെ ബാധിക്കില്ലെന്നുമുള്ള അഭിപ്രായം ചില ബിജെപി  നേതാക്കള്‍ക്കുണ്ട്. സമാനവിലയിരുത്തല്‍ ബിഡിജെഎസ് നേതാക്കളും പങ്കുവെക്കുന്നു. പക്ഷെ പാലായെ പറ്റി പറഞ്ഞത് മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും ബാധിക്കുമോ എന്ന ആശങ്ക ബിജെപിയെ ബുദ്ധിമുട്ടിക്കുകയാണ്. ഇതിന്റെ അസ്വസ്തത പരസ്യമാക്കുന്നില്ലേന്നെയുള്ളു.

എസ്എന്‍ഡിപി യോഗത്തിന് കീഴിലുള്ള സംഘടനയല്ല ബിഡിജെഎസ് എന്നുപറയുമ്പോഴും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തുഷാറിന് ആദ്യം തൃശൂരിലും പിന്നീട് രാഹുല്‍ ഗാന്ധി മത്സരിക്കുമെന്നുറപ്പായപ്പോള്‍ വയനാട്ടിലും സീറ്റുകിട്ടാന്‍ വെള്ളാപ്പള്ളിയുടെ ഇടപെടുലുണ്ടായി. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയുടെ പ്രതികരണം തുഷാറിനെയും സ്വാധിനിക്കാന്‍ ഇടയുണ്ട്. ചെക്കുകേസില്‍ നിന്നു രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സജീവമായി ഇടപെടുകയും ചെയ്തതോടെ ബിഡിജെഎസ് ഇടതുപക്ഷത്തേക്ക് ചായുന്നോ എന്നാണ് ബിജെപിയുടെ സംശയം.

നവോത്ഥാന സംരക്ഷണസമിതിയില്‍ നിന്നും പുറത്തുപോയ ഹിന്ദുപാര്‍ലമെന്റിലെ സിപി സുഗതനെ രൂക്ഷമായി വിമര്‍ശിച്ചും സര്‍ക്കാരിനെയും സമിതിയെയും പിന്തുണച്ചും വെള്ളാപ്പള്ളി രംഗത്തുണ്ട്. 

54 സമുദായ സംഘടനകള്‍ നവോത്ഥാന സംരക്ഷണസമിതി വിടുന്നതായി ഹിന്ദു പാര്‍ലമെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയായ സുഗതന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ വിമര്‍ശിച്ച വെള്ളാപ്പള്ളി  സമിതിയുമായി മുന്നോട്ടുപോകുമെന്നറിയിച്ചതിലൂടെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമൊപ്പം താനും സമുദായവും ഉണ്ടെന്ന് വ്യക്തമാക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com