സര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്ന്  ചെന്നിത്തല; ആരും ഒറ്റയ്ക്ക് ഇറങ്ങിപ്പോകേണ്ടി വരില്ലെന്ന് കോടിയേരി; നീതി കിട്ടണമെന്ന് ശ്രീധരന്‍ പിള്ള; മരടിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവാഹം

സര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്ന്  ചെന്നിത്തല - ആരും ഒറ്റയ്ക്ക് ഇറങ്ങിപ്പോകേണ്ടി വരില്ലെന്ന് കോടിയേരി - നീതി കിട്ടണമെന്ന് ശ്രീധരന്‍ പിള്ള; 
സര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്ന്  ചെന്നിത്തല; ആരും ഒറ്റയ്ക്ക് ഇറങ്ങിപ്പോകേണ്ടി വരില്ലെന്ന് കോടിയേരി; നീതി കിട്ടണമെന്ന് ശ്രീധരന്‍ പിള്ള; മരടിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവാഹം

കൊച്ചി: മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. സമരം നടത്തുന്ന ഉടമകളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സന്ദര്‍ശിച്ചു. ബിജെപി നേതാക്കള്‍ വൈകീട്ടോടെ മരടിലെത്തും. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യമെത്തിയത്. കേസില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉപസമിതിക്ക് തെറ്റുപറ്റിയെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കണം. പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ അനുമതി വാങ്ങണം. പൊളിക്കാന്‍ തയാറാണെന്ന സത്യവാങ്മൂലമല്ല ചീഫ് സെക്രട്ടറി നല്‍കേണ്ടത്. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു. 

ഫ്‌ലാറ്റ് ഉടമകള്‍ക്കൊപ്പം സിപിഎം ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോകേണ്ടി വരില്ല. സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും കോടിയേരി ഫ്‌ളാറ്റ് ഉടമകളോടു പറഞ്ഞു. 

കേസില്‍ ജനങ്ങള്‍ക്ക് നീതികിട്ടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.  മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണമെന്നും ശ്രീധരന്‍പിള്ള ആലപ്പുഴയില്‍ ആവശ്യപ്പെട്ടു 

അതേസമയം മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ താമസക്കാര്‍ക്ക്  നഗരസഭ നല്‍കിയ കാലാവധി നാളെ അവസാനിക്കും. പ്രതിഷേധം കടുപ്പിച്ച ഫ്‌ലാറ്റ് ഉടമകള്‍ ഇന്ന് മുതല്‍ നഗര സഭയ്ക്ക് മുന്നില്‍ നിരാഹാരം ഇരിക്കും. കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ ഇന്ന് മരടില്‍ എത്തും.

ഇന്ന് വൈകുന്നേരത്തിനുള്ളില്‍ താമസക്കാര്‍ ഒഴിഞ്ഞു പോയില്ലെങ്കില്‍ സെക്രട്ടറിയില്‍ നിക്ഷിപ്തം ആയ അധികാരങ്ങള്‍ പ്രകാരം മുന്നറിയിപ്പ് ഇല്ലാതെ  മറ്റു നിയമ നടപടികള്‍ സ്വീകരിക്കും.

ഇതാണ് നഗര സഭയുടെ നോട്ടീസില്‍ പറയുന്നത്. കായലോരം ഫ്‌ലാറ്റ് ഉടമകള്‍ മാത്രം ആണ് നോട്ടീസിന് മറുപടി നല്‍കിയത്. ജീവിക്കാനുള്ള മൗലിക അവകാശത്തിന്റെ ലംഘനം ആണെന്നും ഒരു കാരണവശാലും ഒഴിഞ്ഞു പോകില്ല എന്നുമായിരുന്നു മറുപടി.  നോട്ടിസിനെതിരെ ഹൈക്കോടതിയില്‍ ഫ്‌ലാറ്റ് ഉടമകള്‍ നാളെ  ഹര്‍ജിയും നല്‍കും  ഒഴിപ്പിക്കല്‍ നോട്ടിസ് നിയമാനുസൃതമല്ല എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

ഇന്ന് സമയപരിധി അവസാനിച്ചാലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാത്രം തുടര്‍നടപടികളിലേക്കു കടക്കാനാണ് നഗരസഭയുടെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com