കെഎസ്ഇബിയില്‍ നിന്ന് ഇനി ഇന്റര്‍നെറ്റ് കണക്ഷനും ; പദ്ധതി ആറുമാസത്തിനകം ; ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യം

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെഫോണ്‍) എന്ന പേരില്‍ സംസ്ഥാന ഐ ടി മിഷനും വൈദ്യുതിബോര്‍ഡും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡില്‍ നിന്നും ഇനി കറന്റ് മാത്രമല്ല ഇന്റര്‍നെറ്റും ലഭിക്കും. വൈദ്യുതി കണക്ഷനു പുറമേ ഇനി ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് കെ എസ്ഇബി. ആറുമാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. 

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെഫോണ്‍) എന്ന പേരില്‍ സംസ്ഥാന ഐ ടി മിഷനും വൈദ്യുതിബോര്‍ഡും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കെഎസ്ഇബിയുടെ വിപുലമായ നെറ്റ്‌വര്‍ക്ക് ഉപയോഗപ്പെടുത്തിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇ-ഗവേണന്‍സ് രംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 

കെ-ഫോണ്‍ തയ്യാറാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഈ നെറ്റ്‌വര്‍ക്കിലേക്ക് മാറും. ഒപ്പം എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. പുതിയ വൈദ്യുതി കണക്ഷന് അപേക്ഷ നല്‍കുന്നവര്‍ക്ക് അപ്പോള്‍ തന്നെ ഇന്റര്‍നെറ്റു കൂടി ലഭ്യമാക്കും. കണക്ഷനുകള്‍ ആവശ്യമുള്ളവരെ കണ്ടെത്തുന്നതും സാങ്കേതികസഹായം നല്‍കുന്നതും സംസ്ഥാന ഐ.ടി. മിഷനാകും.

വൈദ്യുതിബോര്‍ഡിന്റെ സംസ്ഥാനത്തെ മുഴുവന്‍ 220 കെ.വി.സബ്‌സ്‌റ്റേഷനുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്കില്‍ ബന്ധിപ്പിച്ചു. 110 കെ.വി, 66 കെ.വി. സബ്‌സ്‌റ്റേഷനുകള്‍കൂടി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. 770 സെക്ഷന്‍ ഓഫീസുകളിലും ഒ.എഫ്.സി. കണക്ഷനുകള്‍ എത്തിക്കുന്നതോടെ വൈദ്യുതിലൈനുകള്‍ ഉപയോഗപ്പെടുത്തി ഒ എഫ് സി കേബിളുകള്‍ എളുപ്പത്തിലെത്തിക്കാനാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com