കേരളത്തിന് ഭീഷണി; പമ്പ- അച്ചന്‍കോവില്‍- വൈപ്പാര്‍ നദീസംയോജനം വീണ്ടും സജീവമാകുന്നു, തമിഴ്‌നാട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു

കേരളത്തിലെ പമ്പാനദിയെയും അച്ചന്‍കോവിലാറിനെയും തമിഴ്‌നാട്ടിലെ വൈപ്പാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രപദ്ധതി വീണ്ടും സജീവമാകുന്നു
കേരളത്തിന് ഭീഷണി; പമ്പ- അച്ചന്‍കോവില്‍- വൈപ്പാര്‍ നദീസംയോജനം വീണ്ടും സജീവമാകുന്നു, തമിഴ്‌നാട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു

കോട്ടയം: കേരളത്തിലെ പമ്പാനദിയെയും അച്ചന്‍കോവിലാറിനെയും തമിഴ്‌നാട്ടിലെ വൈപ്പാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രപദ്ധതി വീണ്ടും സജീവമാകുന്നു. മധ്യതിരുവിതാംകൂറിലെ ജലലഭ്യതയെയും കുട്ടനാടിന്റെ സാഹചര്യങ്ങളെയും ബാധിക്കുന്ന പദ്ധതി കേരളത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് കേന്ദ്രം ഉപേക്ഷിച്ച നിലയിലായിരുന്നു.എന്നാല്‍ കേരളത്തില്‍ തുടരെയുണ്ടായ രണ്ടു വെള്ളപ്പൊക്കങ്ങളുടെ പശ്ചാത്തലത്തില്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് വീണ്ടും കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്. ഇതുള്‍പ്പടെയുള്ള നദീസംയോജനങ്ങള്‍ സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ചര്‍ച്ച ഉടന്‍ നടക്കുമെന്നാണ് സൂചന.

കേരളത്തിന്റെ സമ്മതമില്ലാതെ നദീസംയോജനവുമായി മുന്നോട്ടുപോവില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. പമ്പയും അച്ചന്‍കോവിലാറും അന്തഃസംസ്ഥാന നദികളല്ല. അതുകൊണ്ടു കേന്ദ്രസര്‍ക്കാരിന് അവയുടെമേല്‍ അവകാശമില്ല. അന്തഃസംസ്ഥാന നദികളുടെ കാര്യത്തില്‍ മാത്രമാണ് കേന്ദ്രത്തിന് നിയമപരമായ അവകാശമുള്ളതെന്നാണ് കേരളത്തിന്റെ വാദം.

കേരളത്തിലെ ഈ രണ്ടുനദികളിലും അധികജലമുണ്ടെന്നാണ് തമിഴ്‌നാടിന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നദീസംയോജനപ്പട്ടികയില്‍ ഈ നദികളും സ്ഥാനംപിടിച്ചത്. 634 ദശലക്ഷം ഘനമീറ്റര്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കിക്കൊണ്ടുപോകുന്ന പദ്ധതിക്ക് ദേശീയജലവികസന ഏജന്‍സി രൂപം നല്‍കുകയും ചെയ്തു. വെള്ളം സംഭരിക്കാന്‍ തമിഴ്‌നാട്, മേക്കരയില്‍ 'അടവിനൈനാര്‍കോവില്‍' അണക്കെട്ടുണ്ടാക്കുകയും ചെയ്തു.കേരളത്തിന്റെ ശക്തമായ വിയോജിപ്പിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com