കൈക്കുഞ്ഞിനെ ഏല്‍പ്പിച്ച് അച്ഛനും അമ്മയും കല്യാണം കഴിക്കാന്‍ പോയി!; കുട്ടിയേയും കൊണ്ട് നഗരത്തില്‍ അലഞ്ഞ് കൗമാരക്കാരന്‍, സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

പത്തുദിവസം പ്രായമുള്ള കൈക്കുഞ്ഞുമായി കൗമാരക്കാരന്‍ എറണാകുളം ബോട്ട് ജെട്ടി ബസ് സ്‌റ്റോപ്പിലെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: പത്തുദിവസം പ്രായമുള്ള കൈക്കുഞ്ഞുമായി കൗമാരക്കാരന്‍ എറണാകുളം ബോട്ട് ജെട്ടി ബസ് സ്‌റ്റോപ്പിലെത്തി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്നുറപ്പിച്ച നാട്ടുകാര്‍ കൗമാരക്കാരനെ തടഞ്ഞു വച്ചു പൊലീസിനെ വിളിച്ചുവരുത്തി കൈമാറി. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ചുരുളഴിഞ്ഞതു സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങങ്ങളാണ്. 

ഇന്നലെ രാവിലെ 11നാണ് കോട്ടയം സ്വദേശിയായ കൗമാരക്കാരന്‍ നവജാത ശിശുവുമായി ബസ് സ്‌റ്റോപ്പില്‍ എത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ അസാന്നിധ്യവും പയ്യന്റെ പരുങ്ങലും കണ്ടുനിന്നവരില്‍ സംശയമുണര്‍ത്തി. നാട്ടുകാര്‍ ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ പ്രശ്‌നം റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥന്റെ മുന്നിലെത്തി. 

കുട്ടിയുടെ അച്ഛനും അമ്മയും തലേന്നു രാത്രി ഒരാവശ്യത്തിന് കോട്ടയത്തേക്ക് പോയതാണെന്നും തന്റെ ജ്യേഷ്ഠനാണ് കുട്ടിയുടെ അച്ഛനെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. താനും കോട്ടയത്തേക്ക് പോവുകയാണെന്നും പറഞ്ഞു. എന്നാല്‍ കോട്ടയത്തേക്ക് പോകേണ്ട ആള്‍ എന്തിനാണ് ബോട്ട് ജെട്ടിയില്‍ കറങ്ങി നടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ കാഴ്ച കാണാന്‍ വന്നതാണെന്നായിരുന്നു മറുപടി. 10 ദിവസം പ്രായമുള്ള കുട്ടിയുമായാണോ കാഴ്ച കാണാനിറങ്ങിയതെന്ന ചോദ്യത്തിനും ഇത്ര ചെറിയ കുഞ്ഞിനെ വിട്ട് എന്തിനാണ് അമ്മ നാട്ടിലേക്ക് പോയതെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ടായില്ല. 

പൊലീസുകാരന്‍ വയര്‍ലെസിലൂടെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതോടെ പിങ്ക് പൊലീസ് സംഘമെത്തി കുട്ടിയെയും കൗമാരക്കാരനെയും ഏറ്റെടുത്തു. 

കുട്ടിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങി ഉടന്‍ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെത്താന്‍ നിര്‍ദേശം നല്‍കി. അടുത്ത ബന്ധുക്കളെയും കൂട്ടി ഇവര്‍ വൈകിട്ടോടെ സെന്‍ട്രല്‍ സ്റ്റഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കറിന്റെ മുന്‍പിലെത്തിയതോടെയാണ് കഥയിലെ വന്‍ ട്വിസ്റ്റ് പുറത്തറിഞ്ഞത്. കൗമാരക്കാരന്റെ പിതൃസഹോദര പുത്രനാണ് കുഞ്ഞിന്റെ പിതാവ്. 

നഗരത്തിലെ ഐടി കമ്പനിയില്‍ ചെറിയ ജോലിയുള്ള ഇയാളും കുഞ്ഞിന്റെ അമ്മയും വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുകയായിരുന്നു. അടുത്ത ദിവസം ഇരുവരുടെയും വിവാഹം കോട്ടയത്ത് നടക്കാനിരിക്കെയാണു കുഞ്ഞു പിറന്നത്. വിവാഹം വരെ കുഞ്ഞിനെ മാറ്റിനിര്‍ത്താനായി സഹോദരനെ ചുമതലയേല്‍പിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്ക് പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടന്‍ കുട്ടിയുമായി നാട്ടിലെത്താന്‍ അനുജനു നിര്‍ദേശവും നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com