പാലായില്‍ പ്രചാരണത്തിനെത്തുന്നത് ത്രിപുര പിടിച്ച നേതാവ്; മുന്നറിയിപ്പുമായി പിഎസ് ശ്രീധരന്‍പിള്ള

ഹിന്ദി പ്രചാരണ ദിവസം അമിത് ഷാ മറ്റെന്താണ് പറയേണ്ടിയിരുന്നത്. മുഖ്യമന്ത്രി പറഞ്ഞത് പോലെ ഹിന്ദി നശിക്കട്ടേ എന്ന് പറയണോ?
പാലായില്‍ പ്രചാരണത്തിനെത്തുന്നത് ത്രിപുര പിടിച്ച നേതാവ്; മുന്നറിയിപ്പുമായി പിഎസ് ശ്രീധരന്‍പിള്ള

കോഴിക്കോട്: ത്രിപുര പിടിച്ച നേതാവ് സുനില്‍ ദിയോറാണ് പാലായില്‍ ബിജെപിയുടെ പ്രചാരണത്തിന് എത്തുന്നതെന്ന് ശ്രീധരന്‍ പിള്ള. ഒരു ശതമാനം വോട്ടുമാത്രമുള്ള ത്രിപുരയില്‍ ബിജെപി അധികാരത്തിലേറാന്‍ സഹായകമായത് അദ്ദേഹത്തിന്റെ പ്രചാരണമായിരുന്നു. ബംഗാളിലും ബിജെപിയുടെ മുന്നേറ്റത്തിന് കാരണമായതും അദ്ദേഹത്തിന്റെ പ്രകടനമായിരുന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പതിനെട്ടാം തിയ്യതി ബിജെപി റാലിയിലായിരിക്കും അദ്ദേഹം പങ്കെടുക്കുക. കൂടാതെ മുരളീധര്‍ റാവുവും തെരഞ്ഞടുപ്പ് പ്രചാരണത്തിനെത്തുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദം സംഘപരിവാര്‍ അജണ്ടയാണെന്ന പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ ശ്രീധരന്‍പിള്ള രംഗത്തെത്തി. ഒരു സംസ്ഥാന മുഖ്യമന്ത്രി ദേശീയ ഭാഷയ്‌ക്കെതിരെ സംസാരിക്കുന്നത് ശരിയല്ലെന്നും ഹിന്ദി അടിച്ചേല്‍പിക്കുന്നു എന്ന വാദം തെറ്റാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ഹിന്ദി പ്രചാരണ ദിവസം അമിത് ഷാ മറ്റെന്താണ് പറയേണ്ടിയിരുന്നത്. മുഖ്യമന്ത്രി പറഞ്ഞത് പോലെ ഹിന്ദി നശിക്കട്ടേ എന്ന് പറയണോ? മുഖ്യമന്ത്രിയുടെ നിലപാടില്‍ ബിജെപി അപലപിക്കുന്നു. അമിത് ഷായുടെ പ്രസ്താവനയോടുള്ള പ്രതിഷേധം നിഷേധാത്മകമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

മാതൃഭാഷയിലൂടെ ആളുകള്‍  സംസാരിക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ആടിനെ പട്ടിയാക്കുന്ന സമീപനമാണ് ഇവിടെയുണ്ടാകുന്നത്. അത് ദുരുദ്ദേശപരമാണ്. അത് ശരിയല്ലെന്നാണ് ബിജെപിയുടെ നിലപാട്. ഒരു ഭാഷയെയും നിരാകരിച്ചല്ല, അതിനെ ഉള്‍ക്കൊണ്ട് കൊണ്ട് ഹിന്ദിയെ കൂടുതല്‍ പ്രോത്സഹാപ്പിക്കണമെന്നാണ് അമിത് ഷാ പറഞ്ഞത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുപാര്‍ട്ടിയുടെയും നിലപാടാണ് തെറ്റ്. ഇന്ത്യയിലെ ജനങ്ങള്‍ നിരാകരിച്ച ഒരു പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ഞാനൊക്കെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലിരിക്കുന്നതെങ്കില്‍ രാഷ്ട്രീയമായി ആത്മഹത്യ ചെയ്‌തേനെയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
 

ഹിന്ദി ഭാഷാ വിവാദത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായ്‌ക്കെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തുകയായിരുന്നു. രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടും ഹിന്ദി അജണ്ടയില്‍ നിന്ന് പിന്മാറാന്‍ അമിത് ഷാ തയ്യാറാകാത്തത് ഭാഷയുടെ പേരില്‍ സംഘപരിവാര്‍ പുതിയ സംഘര്‍ഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്ന് പിണറായി കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയന്‍ അമിത് ഷായെ കുറ്റപ്പെടുത്തിയത്.

രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണ് അമിത് ഷാ നടത്തിയിരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com