മരടില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് കാനം, നിയമം ലംഘിച്ചത് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍

തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് മരടില്‍ പണിത ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
മരടില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് കാനം, നിയമം ലംഘിച്ചത് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍

കൊച്ചി:  തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് മരടില്‍ പണിത ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമലംഘനം നടത്തിയത് ഫ്ലാറ്റ് നിര്‍മ്മാതാക്കളാണ്. ഇവരെ സംരക്ഷിക്കുന്ന നിലപാട് സിപിഐ സ്വീകരിക്കില്ല. അടുത്ത ദിവസം ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ ഫ്ലാറ്റിലെ താമസക്കാരുടെ പ്രശ്‌നപരിഹാരത്തിനായി തീരുമാനമെടുക്കുമെന്നും കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിയമം ലംഘിച്ച് ഫ്ലാറ്റ് പണിതതിന് 2007ല്‍ സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലമാണിത്. 2019 വരെയുളള 12 വര്‍ഷക്കാലം നിയമയുദ്ധം നടന്നു. തുടര്‍ന്നായിരുന്നു ഫ്ലാറ്റ് പൊളിക്കാനുളള സുപ്രീംകോടതി വിധി വന്നത്. അതുകൊണ്ട് തന്നെ നിയമപ്രശ്‌നമുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് പണിത ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന നിലപാട് നഗരസഭ കൗണ്‍സില്‍ യോഗത്തിലും സിപിഐ സ്വീകരിച്ചിരുന്നു. അന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ സിപിഐ വിയോജനക്കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. ഇതിനെ സാധൂകരിക്കുന്ന  നിലപാടാണ് കാനം ഇപ്പോള്‍ സ്വീകരിച്ചത്.

മരടില്‍ നിയമലംഘനം നടന്നു എന്നാണ് സുപ്രീംകോടതി കണ്ടെത്തിയിരിക്കുന്നത് . ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെങ്കില്‍, പൊളിക്കരുത് എന്ന് പറയാന്‍ കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിക്കും അധികാരമില്ല. വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നിയമവിരുദ്ധമായി ഫ്ലാറ്റ് നിര്‍മ്മിച്ച നിര്‍മ്മാതാക്കളെ സംരക്ഷിക്കുന്ന നിലപാട് സിപിഐ സ്വീകരിക്കില്ലെന്നും കാനം പറഞ്ഞു.

ഫ്ലാറ്റ് വാങ്ങിയ ആളുകളുടെ പ്രശ്‌നങ്ങള്‍  പരിഹരിക്കണം. എങ്ങനെ പരിഹരിക്കണം എന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം.  മറ്റന്നാള്‍ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും കാനം രാജേന്ദ്രന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com