വനത്തില്‍ കയറി തീറ്റയെടുത്തു ; ആന അറസ്റ്റില്‍!

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ആനയെ വനപാലകര്‍ അറസ്റ്റ് ചെയ്യുന്നത്
വനത്തില്‍ കയറി തീറ്റയെടുത്തു ; ആന അറസ്റ്റില്‍!

ഇടുക്കി : അനധികൃതമായി വനത്തില്‍ കയറി തീറ്റയെടുത്തതിന് ആനയും പാപ്പാന്മാരും അറസ്റ്റില്‍. വാണിയംപാറ ഡെപ്യൂട്ടി റേഞ്ചര്‍ സെബാസ്റ്റ്യനും സംഘവുമാണ് ആനയേയും പാപ്പാന്മാരെയും കസ്റ്റഡിയിലെടുത്തത്. പട്ടിക്കാട് പാമ്പാട്ടി തേക്കുതോട്ടത്തില്‍ കയറി അഞ്ചു പനകള്‍ വെട്ടിയിടുകയും, നാലു പനകളുടെ ഓല ആനയെക്കൊണ്ട് എടുപ്പിച്ചുകൊണ്ട് പോകുകയും ചെയ്തത് അറിഞ്ഞാണ് വനപാലകര്‍ എത്തിയത്. 

തുടര്‍ന്ന് ആനയേയും പാപ്പാന്മാരേയും പന വെട്ടിയ മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയും പട്ടിക്കാട് റേഞ്ച് ഓഫീസില്‍ ഹാജരാക്കുകയുമായിരുന്നു. ആല്‍പ്പാറ സ്വദേശി അനീഷ് പാട്ടത്തിലെടുത്ത കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആനയെയയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ആനയ്ക്ക് ഉടമസ്ഥ രേഖകളോ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരുന്നുല്ലെന്നാണ് റിപ്പോര്‍ട്ട്. 

പന മുറിച്ച കേസില്‍ പഴയന്നൂര്‍ സ്വദേശി സുമേഷ്, കാവിശ്ശേരി സ്വദേശികളായ പ്രതിന്‍, മോഹന്‍രാജ്, ആനയെ പാട്ടത്തിനെടുത്ത ആല്‍പ്പാറ സ്വദേശി അനീഷ് എന്നിവരെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. ഒന്നാം പാപ്പാന്‍ രാജേഷ്, ആനയുടെ യഥാര്‍ത്ഥ ഉടമയെന്ന് പറയപ്പെടുന്ന ബാബു എന്നിവരെ പിടികൂടാനുണ്ട്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ആനയെ വനപാലകര്‍ അറസ്റ്റ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com