'എപ്പോള്‍ വിളിച്ചാലും ഹാജരാകണം'  ; വനത്തില്‍ കയറി പന മോഷ്ടിച്ചതിന് 'കസ്റ്റഡിയിലെടുത്ത' ആനയെ വിട്ടയച്ചു 

ജനവാസമേഖലയില്‍ ആനയുടെ സാന്നിധ്യം കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്
'എപ്പോള്‍ വിളിച്ചാലും ഹാജരാകണം'  ; വനത്തില്‍ കയറി പന മോഷ്ടിച്ചതിന് 'കസ്റ്റഡിയിലെടുത്ത' ആനയെ വിട്ടയച്ചു 

തൃശൂര്‍ : വനത്തില്‍ കയറി പനമ്പട്ടകള്‍ മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ ആനയെ വനംവകുപ്പ് ഉടമയ്ക്ക് വിട്ടുനല്‍കി. കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആനയെയാണ് ഉടമസ്ഥനായ കയ്പമംഗലം മഞ്ചേരി വീട്ടില്‍ ഗോപിനാഥന് വനംവകുപ്പ് കൈമാറിയത്. കേസിന്റെ ആവശ്യത്തിന്, എപ്പോള്‍ ആവശ്യപ്പെട്ടാലും സ്വന്തം ചെലവില്‍ സ്‌റ്റേഷനിലോ കോടതിയിലോ എത്തിക്കണമെന്ന വ്യവസ്ഥയിലാണ് ആനയെ വിട്ടുനല്‍കിയതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 

പട്ടിക്കാട് വനം റേഞ്ച് ഓഫീസിനു കീഴിലുള്ള പട്ടിക്കാട് തേക്കിന്‍ കൂപ്പിനുള്ളില്‍നിന്ന് ഒമ്പത് പനകള്‍ മുറിച്ചുകടത്തിയതിന് പാപ്പാന്മാര്‍ ഉള്‍പ്പെടെ നാലുപേരെ വെള്ളിയാഴ്ച് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. തടി വനത്തില്‍നിന്ന് നീക്കംചെയ്യാന്‍ പാപ്പാന്മാര്‍ ഉപയോഗിച്ച ഉപകരണം എന്ന നിലയിലാണ് ആനയെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. ആനയുടെ ഉടമസ്ഥാവകാശവും മറ്റു രേഖകളും തൃശ്ശൂര്‍ സാമൂഹികവനവത്കരണ വിഭാഗം അടുത്തദിവസം പരിശോധിക്കും.

ആല്‍പ്പാറ സ്വദേശി പാട്ടത്തിനെടുത്തതാണ് കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആന. കഴിഞ്ഞ വ്യാഴാഴ്ച അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മോഷണം സ്ഥിരീകരിച്ചത്. കാട്ടാനയില്ലാത്ത ഈ ജനവാസമേഖലയില്‍ ആനയുടെ സാന്നിധ്യം കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്. 

പന മുറിച്ച കേസില്‍ പഴയന്നൂര്‍ സ്വദേശി സുമേഷ്, കാവിശ്ശേരി സ്വദേശികളായ പ്രതിന്‍, മോഹന്‍രാജ്, ആനയെ പാട്ടത്തിനെടുത്ത ആല്‍പ്പാറ സ്വദേശി അനീഷ് എന്നിവരെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു. ഒന്നാം പാപ്പാന്‍ രാജേഷ്, ആനയുടെ യഥാര്‍ത്ഥ ഉടമയെന്ന് പറയപ്പെടുന്ന ബാബു എന്നിവരെ പിടികൂടാനുണ്ട്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ആനയെ വനപാലകര്‍ അറസ്റ്റ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com