മുന്നാക്ക വിഭാഗങ്ങളോട് സര്‍ക്കാരിന് വിവേചനം; ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി എന്‍എസ്എസ്

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച മുന്നാക്ക കമ്മീഷന്‍ മൂന്നുവര്‍ഷത്തെ പഠനശേഷം മാര്‍ച്ചില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല
മുന്നാക്ക വിഭാഗങ്ങളോട് സര്‍ക്കാരിന് വിവേചനം; ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി എന്‍എസ്എസ്

കോട്ടയം : സര്‍ക്കാര്‍ തീരുമാനങ്ങള്‍ പല വിഷയങ്ങളിലും മുന്നാക്ക വിഭാഗങ്ങള്‍ക്ക് ഗുണകരമല്ലെന്ന് എന്‍എസ്എസ്. ഈ വിവേചനം ജനാധിപത്യ സര്‍ക്കാരിന് യോജിക്കാത്തതാണെന്നും ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണമെന്ന് എന്‍എസ്എസ് വിമര്‍ശിച്ചു. സെപ്റ്റംബറില്‍ പുറത്തിറക്കിയ എന്‍എസ്എസ് മുഖപത്രമായ സര്‍വീസസിലാണ് നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച മുന്നാക്ക കമ്മീഷന്‍ മൂന്നുവര്‍ഷത്തെ പഠനശേഷം മാര്‍ച്ചില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. സംവരണേതര സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനവും നടപ്പാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കാനുള്ള മുന്നാക്ക സമുദായ കമ്മീഷന് പകരം രണ്ടംഗ താല്‍ക്കാലിക കമ്മീഷനെ നിയമിച്ചത് ദുരൂഹമാണെന്നും എന്‍എസ്എസ് കുറ്റപ്പെടുത്തി. 

മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് രണ്ടുവര്‍ഷമായി സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നു. കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നല്‍കിവരുന്ന വിദ്യാഭ്യാസ സഹായങ്ങള്‍ക്കുള്ള വാര്‍ഷിക വരുമാനപരിധി മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു ലക്ഷമായി കഴിഞ്ഞ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. എങ്കിലും എയ്ഡഡ് കോളേജുകളില്‍ കമ്യൂണിറ്റി മെറിറ്റിലും മാനേജ്‌മെന്റ് ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്ന മുന്നാക്കവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും ഈ ആനുകൂല്യം നിഷേധിച്ചിരിക്കുകയാണ്.

ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ സംവരണ സമുദായങ്ങള്‍ക്ക് 32 ശതമാനവും ജനറല്‍ വിഭാഗത്തിന് 68 ശതമാനവും വ്യവസ്ഥ ചെയ്തുകൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍, റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതാണ്. സംവരണ വ്യവസ്ഥ ഇല്ലാതിരുന്ന നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍, സംവരണേതര സമുദായങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന 18 ശതമാനം സംവരണം ചിലരുടെ എതിര്‍പ്പുമൂലം നടപ്പില്‍ വരുത്തിയില്ലെന്നും മുഖപത്രത്തില്‍ കുറ്റപ്പെടുത്തുന്നു. 

അിനാല്‍ അതുകൂടെ ജനറല്‍ വിഭാഗത്തിന് നല്‍കിയാണ് 68 ശതമാനം വ്യവസ്ഥ ചെയ്തത്. ഇപ്പോഴത്തെ സര്‍ക്കാര്‍ അത് പരിഹരിക്കാനെന്ന പോലെ, സംവരണേതര സമുദായങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തി. എങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും അത് നടപ്പാക്കിയിട്ടില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com